Editorial

പാനമ രേഖകള്‍ പറയുന്നത്

പാനമ കനാലിന്റെ പേരിലായിരുന്നു അമേരിക്കന്‍ വന്‍കരയിലെ ഈ കൊച്ചുരാജ്യം ഇത്രയും കാലം അറിയപ്പെട്ടിരുന്നത്. രണ്ടു വന്‍സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പാനമ കനാല്‍. എന്നാല്‍, അറ്റ്‌ലാന്റിക്കിലെയും ശാന്തസമുദ്രത്തിലെയും വന്‍തിമിംഗലങ്ങളെക്കാള്‍ എത്രയോ വലിയ കൊമ്പന്‍സ്രാവുകളാണ് പാനമയിലെ ഒരു നിയമവിദഗ്ധന്റെ കമ്പനിയില്‍ ഒളിഞ്ഞിരുന്നത് എന്ന് സമീപകാലത്ത് വെളിയില്‍ വന്ന പാനമ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
ജര്‍മനിയിലെ ഒരു ദിനപത്രം അമേരിക്ക ആസ്ഥാനമായ ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് എന്ന സംഘടനയുമായി ചേര്‍ന്നാണ് മൊസാക് ഫൊന്‍സെക കമ്പനിയുടെ 11.5 ദശലക്ഷം വരുന്ന രഹസ്യരേഖകള്‍ പരിശോധനാവിധേയമാക്കിയത്. ലോകത്തെ മറ്റു ചില മുഖ്യധാരാ മാധ്യമങ്ങളും ഈ അന്താരാഷ്ട്ര അന്വേഷണസംരംഭത്തില്‍ സഹകരിച്ചിരുന്നു. ഏതാണ്ട് ഒരു കൊല്ലക്കാലം നിരവധി വിദഗ്ധ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി വെളിയില്‍ വന്നിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. എങ്ങനെയാണ് ലോകത്തെ പ്രബലരായ ഭരണാധികാരികളും കോര്‍പറേറ്റ് ഭീമന്മാരും സ്‌പോര്‍ട്‌സ്-സിനിമ മേഖലകളിലെ താരങ്ങളും അന്താരാഷ്ട്ര കൊള്ളക്കാരും ആയുധക്കടത്തുകാരും ഒക്കെ സ്വന്തം രാജ്യങ്ങളിലെ നിയമവ്യവസ്ഥയെ അട്ടിമറിച്ച് നികുതിവെട്ടിപ്പു നടത്തുന്നത് എന്നാണ് ഈ രേഖകള്‍ വെളിവാക്കുന്നത്. തങ്ങളുടെ കനത്ത സമ്പാദ്യം നികുതിനിയമങ്ങളെ ഉല്ലംഘിച്ച് രഹസ്യമായി അന്താരാഷ്ട്ര നിധികളില്‍ ഇക്കൂട്ടര്‍ പൂഴ്ത്തിവയ്ക്കുന്നത് എങ്ങനെയാണെന്നാണ് ഈ രേഖകള്‍ കാണിച്ചുതരുന്നത്.
അമ്പതിലേറെ രാജ്യങ്ങളിലെ ഒരുപാടു പ്രമാണികളുടെ പേരുകള്‍ രഹസ്യരേഖകളില്‍ പുറത്തുവന്നിരിക്കുന്നു. അതില്‍ നിരവധി രാഷ്ട്രത്തലവന്മാരും രാഷ്ട്രീയനേതാക്കളുമുണ്ട്. ബ്രിട്ടനിലെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ മുതല്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങും റഷ്യന്‍ ഭരണാധികാരി വഌദിമിര്‍ പുടിനും അടക്കമുള്ള പ്രമുഖന്മാര്‍ ഈ നിരയിലുണ്ട്. ഐസ്‌ലന്‍ഡിലെ പ്രധാനമന്ത്രി സിഗ്മന്‍ഡര്‍ ഡേവിഡ് ഗണ്‍ലാസന്‍ ഇതിനകം രാജിവച്ചുകഴിഞ്ഞു. കാമറണ്‍ ബ്രിട്ടനില്‍ എത്രനാള്‍ പിടിച്ചുനില്‍ക്കും എന്നു കണ്ടറിയണം. റഷ്യയിലും ചൈനയിലും പാനമ രേഖകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പക്ഷേ, ഭരണാധികാരികള്‍ തങ്ങളുടെ വികൃതമായ മുഖം മറച്ചുവയ്ക്കാന്‍ എത്രമാത്രം ശ്രമം നടത്തിയാലും ഇന്നത്തെ വിവരവിനിമയ ലോകത്ത് വസ്തുതകള്‍ ഒളിപ്പിച്ചുവയ്ക്കുകയെന്നത് എളുപ്പമാവില്ല. സമീപകാലത്ത് ഇത്തരത്തിലുള്ള വന്‍ വിസ്‌ഫോടനശേഷിയുള്ള നിരവധി വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് ഈ വസ്തുതയാണു തെളിയിക്കുന്നത്. വിക്കിലീക്‌സും എഡ്വാര്‍ഡ് സ്‌നോഡനും പുറത്തുവിട്ട അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യവിവര ശേഖരണം സംബന്ധിച്ച രേഖകളും എല്ലാം നല്‍കുന്ന സൂചന ലോകം കൂടുതല്‍ സുതാര്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നത്രെ. അത് ആത്യന്തികമായി ഒരു മെച്ചപ്പെട്ട ലോകത്തിന്റെ നിര്‍മാണത്തിനു സഹായകമായി എന്നുവരാം.
Next Story

RELATED STORIES

Share it