പാനമ രേഖകള്‍; കാമറണിന്റെ രാജി ആവശ്യപ്പെട്ട് ബ്രിട്ടനില്‍ വ്യാപക പ്രതിഷേധം

ലണ്ടന്‍: നികുതി വെട്ടിച്ച് വിദേശ നിക്ഷേപം നടത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സെന്‍ട്രല്‍ ലണ്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഓഫിസിനു മുന്നിലേക്കായിരുന്നു കാമറണിനെതിരേ പ്ലക്കാര്‍ഡുകളുമേന്തിയുള്ള പ്രകടനം. ബഹാമസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലയ്‌മോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റില്‍ തന്റെ പിതാവിന്റെ പേരില്‍ ഓഹരിയുള്ളതായും ഇതിന്റെ വില്‍പനയിലൂടെ തനിക്ക് 30,000 പൗണ്ടിലധികം ലഭിച്ചതായും കാമറണ്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
അതിനിടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കുന്നതിന്റെ ഭാഗമായി കാമറണ്‍ കഴിഞ്ഞ ദിവസം തന്റെ ടാക്‌സ് റിട്ടേണുകള്‍ പ്രസിദ്ധപ്പെടുത്തി. നികുതിവെട്ടിപ്പ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു. 2014-15 സാമ്പത്തിക വര്‍ഷം 76,000ത്തോളം പൗണ്ട് നികുതി അടച്ചതായി അദ്ദേഹം വെളിപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പാനമരേഖകളിലെ വെളിപ്പെടുത്തലുകള്‍ കൈകാര്യം ചെയ്തതില്‍ തനിക്കു തെറ്റുപറ്റിയെന്ന് സമ്മതിച്ച് മണിക്കൂറുകള്‍ക്കകമാണ് കാമറണ്‍ തന്റെ നികുതി റിട്ടേണുകള്‍ വെളിപ്പെടുത്തിയത്. കാമറണിന്റെ പിതാവായ അയാന് 1982 മുതല്‍ വിദേശനിക്ഷേപം ഉള്ളതായി പാനമയില്‍ നിയമവിരുദ്ധ നിക്ഷേപത്തിനു സഹായിക്കുന്ന മൊസാക്ക് ഫൊന്‍സേക്ക കമ്പനിയുടെ ചോര്‍ന്ന രേഖകളില്‍ നിന്നു വ്യക്തമായിരുന്നു. പിതാവിന്റെ മരണാനന്തരം കാമറണിന് കൈമാറിക്കിട്ടിയ സമ്പത്തിന് 30 വര്‍ഷത്തോളമായി ബ്രിട്ടനില്‍ നികുതി അടച്ചിരുന്നില്ല.
Next Story

RELATED STORIES

Share it