Flash News

പാനമ മുന്‍ ഏകാധിപതി നൊറീഗ അന്തരിച്ചു ; 1983 മുതല്‍ 1989 വരെ രാജ്യം ഭരിച്ചു



പാനമ സിറ്റി: പാനമ മുന്‍ ഏകാധിപതിയും സൈനിക മേധാവിയുമായിരുന്ന ജനറല്‍ മാന്വല്‍ അന്റോണിയോ നൊറീഗ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തിന് അടുത്തിടെ തലയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലമായിരുന്നു അന്ത്യം.  പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വരേലയാണ് മരണവിവരം പുറത്തുവിട്ടത്. മധ്യ അമേരിക്കയുടെ സുപ്രധാന അധ്യായത്തിന് അന്ത്യമായെന്ന് നൊറീഗയുടെ മരണവാര്‍ത്ത പുറത്തുവിട്ട് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെയാണ് മാന്വല്‍ അന്റോണിയോ നൊറീഗ പാനമയുടെ അധികാരം പിടിച്ചത്. 1983 മുതല്‍ 1989 വരെ പാനമ ഭരിച്ച സൈനിക ഭരണകുടത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. ഭരണത്തുടക്കത്തില്‍ യുഎസിന്റെ അടുത്ത സുഹൃത്തായിരുന്നു നൊറീഗ.  യുഎസ് അധിനിവേശത്തിനൊടുവിലാണ് ഭരണത്തില്‍നിന്നു പുറത്താവുന്നത്. പിന്നീട് മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി അമേരിക്ക അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. മയക്കുമരുന്ന് കടത്തിനു പുറമെ കൊലപാതകം, അഴിമതി, കൈക്കൂലി കുറ്റങ്ങളും അദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നു. 2014ലാണ് നൊറീഗ ജയില്‍ മോചിതനായത്. 1934 ഫെബ്രുവരി 11ന് പാനമ സിറ്റിയിലാണ് നൊറീഗയുടെ ജനനം. പെറുവിലെ സൈനിക അക്കാദമിയില്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ അദ്ദേഹം മൂന്നു പതിറ്റാണ്ടോളം സിഐഎയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it