പാനമ പേപ്പര്‍: ബച്ചനെതിരേ കൂടുതല്‍ രേഖകള്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനു നികുതിയിളവുള്ള വിദേശ രാജ്യങ്ങളില്‍ കമ്പനികളുണ്ടായിരുന്നു എന്നതിന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവന്നു. ഇത് സംബന്ധിച്ച് പുറത്തുവന്ന ആദ്യ റിപോര്‍ട്ടുകളോടുള്ള ബച്ചന്റെ പ്രതികരണത്തെ തള്ളിക്കളയുന്നതാണ് പുതിയ റിപോര്‍ട്ട്.ബഹാമസില്‍ രജിസ്റ്റര്‍ ചെയ്ത ട്രാംപ് ഷിപ്പിങ് ലിമിറ്റഡ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലാന്റിലെ സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായിരുന്നു ബച്ചനെന്നതിനുള്ള തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ കമ്പനികളുടെ 1994 ഡിസംബറില്‍ നടന്ന ബോര്‍ഡ് യോഗങ്ങളില്‍ ഫോണ്‍ മുഖേന ബച്ചന്‍ പങ്കെടുത്തിരുന്നു എന്ന് രേഖകള്‍ പറയുന്നു. മാത്രമല്ല, രണ്ട് കമ്പനികളുടെയും ‘സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കംബന്‍സി’ രേഖകളില്‍ ബച്ചന്റെ പേര് ഡയറക്ടര്‍ എന്ന നിലയ്ക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പ്രസ്തുത രേഖസഹിതം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ബച്ചനുള്‍പ്പെടെ ഒരേ വ്യക്തികളാണ് രണ്ട് കമ്പനികളുടെയും ഡയറക്റ്റര്‍ പദവികളില്‍ ഉണ്ടായിരുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഈ രണ്ട് ഷിപ്പിങ് കമ്പനികളോടൊപ്പം ലേഡി ഷിപ്പിങ് ലിമിറ്റഡ്, ട്രഷര്‍ ഷിപ്പിങ് ലിമിറ്റഡ് എന്നീ രണ്ട് വിദേശ കമ്പനികളില്‍ കൂടി ബച്ചന്‍ ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നതായി നേരത്തേ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധമായ മാധ്യമ അന്വേഷണങ്ങളോട് രാജ്യത്തെ നിയമങ്ങളനുസരിക്കുന്ന ഒരു പൗരനെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന് സമയാസമയങ്ങളില്‍ താന്‍ മറുപടി അയക്കുന്നുണ്ടെന്നും ഇത്തരം ചോദ്യങ്ങള്‍ സര്‍ക്കാരിനോട് നേരിട്ട് ചോദിക്കാന്‍ താന്‍ അഭ്യര്‍ഥിക്കുന്നതായും ബച്ചന്‍ മറുപടി നല്‍കി. തന്റെ പേര് ദുരുപയോഗം ചെയ്‌തെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മാധ്യമ റിപോര്‍ട്ടുകള്‍ തന്റെ ഏതെങ്കിലും നിയമവിരുദ്ധപ്രവൃത്തി വെളിപ്പെടുത്തുന്നില്ലെന്നും ബച്ചന്‍ പ്രതികരിച്ചു.ഇതുസംബന്ധിച്ച നേരത്തേയുള്ള റിപോര്‍ട്ടുകളോടു പ്രതികരിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ തനിക്ക് ഈ കമ്പനികള്‍ പരിചയമില്ലെന്നും ബച്ചന്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it