Editorial

പാനമയില്‍നിന്നു വന്നത് പുതിയ വാര്‍ത്തകളല്ല

കൈയടി കിട്ടുന്ന തരത്തില്‍ പ്രസംഗിക്കുന്ന നരേന്ദ്ര മോദി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ഇന്ത്യക്കു പുറത്ത് ഒളിപ്പിച്ചുവച്ച കള്ളപ്പണം ഒന്നാകെ തിരികെ കൊണ്ടുവന്നു 130 കോടി പൗരന്മാരുടെ അക്കൗണ്ടുകളില്‍ ഇടുമെന്ന് ഉറപ്പു നല്‍കിയിരുന്നു. മോദിയെ പലപ്പോഴായി വേട്ടയാടിയ ഒരു വാഗ്ദാനമായിരുന്നു അത്. ബഹുമിടുക്കനായ അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയാവുകയും പ്രധാനമന്ത്രിയുടെ ഓഫിസ് ഭരണഘടനാതീതമായ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും ഒരു ഡോളര്‍ പോലും രാജ്യത്ത് തിരിച്ചെത്തിയില്ല. അതിനിടയിലാണ് പാനമയിലെ ഒരു നിയമസ്ഥാപനം മുഖേന നടന്ന കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. രാജ്യത്ത് അരങ്ങില്‍ മിന്നിത്തിളങ്ങുന്ന മിക്ക മഹാന്മാരും നിയമവിരുദ്ധമായി, കാരിബിയനിലും മറ്റുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ പണം പൂഴ്ത്തിവച്ചതായിട്ടാണ് പാനമയിലെ മൊസാക്ക് ഫോന്‍സിക്കയുടെ ഇടപാടു രേഖകള്‍ വെളിപ്പെടുത്തുന്നത്. അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, ഡിഎല്‍എഫിന്റെ കെ പി സിങ്, അദാനി ഗ്രൂപ്പിലെ വിനോദ് അദാനി തുടങ്ങി രാജ്യത്തെ സാമ്പത്തിക-സാംസ്‌കാരിക-സാമൂഹിക രംഗത്തെ അടക്കിവാഴുന്ന ആയിരത്തിലധികമാളുകളുടെ പേരുകളാണ് പുറത്തു വന്നിട്ടുള്ളത്. മിക്കവരും ഔദ്യോഗികമായിത്തന്നെ രാജ്യസ്‌നേഹികളാണ്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്ന ഐസിഐജെയാണ് ഒരു ജര്‍മന്‍ പത്രത്തിന്റെ പിന്തുണയോടെ പാനമ കമ്പനിയുടെ രേഖകള്‍ ചോര്‍ത്തിയെടുത്തത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതാദ്യത്തെ സംഭവമല്ല. 2013ല്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം 612 ഇന്ത്യക്കാര്‍ കള്ളപ്പണം കടത്തിക്കൊണ്ടുപോയവരാണ്. അതില്‍ 9000 കോടി രൂപയുടെ വെട്ടിപ്പുനടത്തി നാടുവിട്ട മദ്യരാജാവ് വിജയ് മല്യയുമുണ്ടായിരുന്നു. പിന്നീട് 2015 ഫെബ്രുവരിയില്‍ 1195 ഇന്ത്യന്‍ നാമങ്ങള്‍ കൂടി പുറത്തുവന്നു. ഇന്ത്യക്കാരുമായി ബന്ധപ്പെട്ട 36,957 രേഖകളാണ് ഐസിഐജെ പുറത്തുവിട്ടത്.
ഇപ്പറഞ്ഞ രേഖകളൊക്കെ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ സൂചിപ്പിക്കുന്നതായിരിക്കില്ല. പലരും നിയമവിധേയമായ കമ്പനികള്‍ സ്ഥാപിച്ചു കാണും. പക്ഷേ, ഇന്ത്യക്കാരുടെ വിദേശനാണ്യ ഇടപാടുകളെ പറ്റിയും കള്ളപ്പണം വെളുപ്പിക്കുന്നതിന് അവര്‍ സ്വീകരിക്കുന്ന നിയമവിരുദ്ധമായ രീതികളെ കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ പഠനങ്ങളും മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ ചെറിയൊരു ശതമാനം മാത്രം ആദായനികുതി പിരിക്കുന്ന, സമാന്തര സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന വിധം അവ്യക്തമായ നിയമങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ എന്നു സൂചിപ്പിക്കുന്നു. കേന്ദ്രം ഭരിച്ച എല്ലാ കക്ഷികളും അതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഉല്‍ക്കണ്ഠയും കൗതുകവുമുളവാക്കുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ വിസ്മരിക്കുന്നതോടെ ഇതു സംബന്ധിച്ച അന്വേഷണങ്ങളും അവസാനിക്കും. നികുതിവെട്ടിപ്പു നടത്തുന്ന സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചാണു നമ്മുടെ ഭരണകൂടം നിലനില്‍ക്കുന്നത്. മോദി പറയുന്നതു വിശ്വസിക്കുന്ന ജനങ്ങളുള്ളപ്പോള്‍ അവര്‍ക്കു പറ്റിയ ഭരണാധികളാണുണ്ടാവുക. യഥാ പ്രജ തഥാ രാജ.
Next Story

RELATED STORIES

Share it