kannur local

പാതിവഴിയിലായ 2671 വീടുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും



കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്റെ ആദ്യഘട്ട പ്രവര്‍ത്തനമായി ജില്ലയിലെ പണിതീരാത്ത 2671 വീടുകള്‍ അടുത്ത മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗം പദ്ധതി പുരോഗതി വിലയിരുത്തി. ജില്ലയില്‍ വിവിധ വകുപ്പുകള്‍ വഴിയും കേന്ദ്രപദ്ധതികളിലൂടെയും നടപ്പാക്കുന്ന ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ട പൊതുവിഭാഗം- 942, എസ്‌സി- 783, എസ്ടി-946 എന്നിങ്ങനെ നിര്‍മാണം പാതിവഴിയിലായ വീടുകളാണ് പൂര്‍ത്തീകരിക്കുക. ഇവയില്‍ നേരിട്ടു പണം നല്‍കിയാല്‍ സ്വന്തമായി നിര്‍മിക്കാനാവുന്നവര്‍ക്ക് ഇതുവരെ ലഭിച്ച പണത്തിന് ആനുപാതികമായി ഒരു വീടിന് നാലുലക്ഷം രൂപ എന്ന തോതില്‍ ബാക്കി പണം സര്‍ക്കാര്‍ നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് വകയിരുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലയില്‍ പകുതിയോളം തദ്ദേശസ്ഥാപനങ്ങള്‍ ലൈഫ് മിഷനിലേക്കായി ഇനിയും പദ്ധതി വച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഈ സ്ഥാപനങ്ങള്‍ ലൈഫ് മിഷന് ഫണ്ട് നീക്കിവച്ച് പദ്ധതി ഭേദഗതി ചെയ്ത് നവംബര്‍ ആദ്യവാരം ചേരുന്ന ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണം. ഇതുമായി ബന്ധപ്പെട്ട് തദ്ദേശഭരണ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. നിര്‍വഹണ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പണി പൂര്‍ത്തിയാക്കേണ്ട പട്ടികവര്‍ഗ വിഭാഗത്തിന്റേത് ഉള്‍പ്പെടെയുള്ള പണി തീരാത്ത വീടുകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് തുടര്‍പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന തേഡ് പാര്‍ട്ടി ടെക്‌നിക്കല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. ബ്ലോക്ക് തലത്തില്‍ കണ്ണൂര്‍ ഗവ. പോളിടെക്‌നിക്, വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ്, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്, തലശ്ശേരി എന്‍ജിനീയറിങ് കോളജ്, എസ്എന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, സെന്റ് തോമസ് എന്‍ജിനീയറിങ് കോളജ് എന്നീ സ്ഥാപനങ്ങളാണ് ടെക്‌നിക്കല്‍ ഏജന്‍സികള്‍. ഉപസമിതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ആവശ്യമായ വീടുകള്‍ സന്ദര്‍ശിച്ച് നിലവിലെ അവസ്ഥ പരിശോധിക്കണം. വീട് പണിയാന്‍ സര്‍ക്കാര്‍ നല്‍കുന്ന തുക മതിയാവാതെ വരുന്ന കേസുകളില്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നവംബര്‍ 15നു മുമ്പായി സമര്‍പ്പിക്കണം. നേരിട്ട് നിര്‍മാണം നടത്തുന്ന വീട്ടുടമകള്‍ക്ക് തുകയുടെ ആദ്യഗഡു ഉടന്‍ നല്‍കും. കൂടുതല്‍ പണം ആവശ്യമായി വരുന്ന കേസുകളില്‍ അതാത് തദ്ദേശസ്ഥാപന തലങ്ങളില്‍ ജനകീയമായി പണം സമാഹരിച്ചും ശ്രമദാനത്തിലൂടെയും മറ്റും പണി പൂര്‍ത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ ആദ്യവാരം തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം ചേരും. ഇതിനു ശേഷം ഗുണഭോക്താക്കളുടെ യോഗം പ്രാദേശിക തലത്തില്‍ വിളിച്ചുചേര്‍ത്ത് മാര്‍ച്ച് 31നകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാവശ്യമായ സംവിധാനങ്ങളൊരുക്കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കാനുള്ള വീടുകള്‍ ദത്തെടുക്കാനും പദ്ധതിയിലേക്ക് സംഭാവന നല്‍കാനും അഭ്യര്‍ഥിച്ച് പ്രസിദ്ധീകരിച്ച പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ലൈഫ് മിഷന്റെ ഭാഗമായി പാതിവഴിയിലായ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കാംപയിന്റെ തദ്ദേശ സ്ഥാപന തലത്തിലുള്ള ഉദ്ഘാടനം ഇന്ന് നടക്കും.
Next Story

RELATED STORIES

Share it