malappuram local

പാതവക്കിലുപേക്ഷിച്ച 'അകത്തെ പള്ളി'

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: പാതവക്കിലുപേക്ഷിച്ച ഒത്തിരി ചരിത്ര സ്മാരകങ്ങളുണ്ട് പൊന്നാനിയില്‍. അതില്‍ പ്രധാനപ്പെട്ടതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖ്ദൂമിയ അകത്തെ പള്ളി. ഒന്നാം സൈനുദ്ധീന്‍ മഖ്ദൂം പൊന്നാനിയില്‍ വന്ന് പാര്‍ത്തപ്പോള്‍ തനിക്കും കുടുംബത്തിനും നമസ്‌കരിക്കാനായി പ്രത്യേകം നിര്‍മിച്ചതാണ് ഈ പള്ളി. പൊന്നാനിയിലെ എല്ലാ പഴയകാല പള്ളികളും പുതുക്കിപ്പണിതപ്പോള്‍ ഈ പള്ളി ഇന്നും പഴയകാലത്തിന്റെ ഓര്‍മകളുമായി നിലനില്‍ക്കുന്നു. ഈ പള്ളിയിലാണ് ഒന്നാം സൈനുദ്ധീന്‍ മഖ്ദൂം വലിയ ജുമാമസ്ജിദിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.  പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഫലിത പ്രിയനും സൂഫിയുമായ കുഞ്ഞായിന്‍ മുസ്്‌ല്യാര്‍ ഈ പള്ളിയില്‍നിന്നു കുട്ടികള്‍ക്ക് വുളു എടുക്കാന്‍ പഠിപ്പിച്ച പ്രശസ്തമായൊരു കഥയുണ്ട്. പള്ളിയുടെ ഇറ ഏറെ ഇറക്കി നിര്‍മിച്ചതിനാല്‍ തലകുനിച്ചു മാത്രമെ അകത്തുകടക്കാനൊക്കൂ.
കൊടുങ്ങല്ലൂര്‍ക്കാരനായ കുഞ്ഞായിന്‍ മുസ്്‌ല്യാര്‍ വുളു എടുക്കാന്‍ പഠിപ്പിച്ച് എഴുന്നേറ്റ് നിന്നപ്പോള്‍ തല ഇറയത്ത് ഇടിച്ചു. ഇത് കണ്ട കുട്ടികള്‍ ഇതും വുളുവില്‍ ഉള്ളതാണെന്ന് കരുതി ചാടി തല ഇറയില്‍ മുട്ടിച്ചു എന്നാണു കഥ. ആദ്യകാലത്ത് മഖ്ദൂം കുടുംബത്തിന്റെ മാത്രം പള്ളിയായിരുന്നു ഇത്. അതിനാലാണ് അകെത്തപള്ളി എന്ന് വിളിച്ചത്. ചരിത്രമുറങ്ങുന്ന ഈ പള്ളിയെ വേണ്ട വിധത്തില്‍ ഇനിയും സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it