Flash News

പാതയോരത്തെ മദ്യശാല നിരോധനം : ബെവ്‌കോയുടെ നിലനില്‍പിന് ഭീഷണിയെന്ന് എംഡി



തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതുകൊണ്ട് ബിവറേജസ് കോര്‍പറേഷന്റെ നിലനില്‍പ് കടുത്ത ഭീഷണിയിലെന്ന് എംഡിയുടെ റിപോര്‍ട്ട്. സുപ്രിംകോടതി വിധിപ്രകാരം മാര്‍ച്ച് 31ന് മദ്യശാലകള്‍ പൂട്ടിയതുമുതല്‍ ഇതുവരെ 200 കോടി രൂപയിലേറെ നഷ്ടമുണ്ടായതായാണ് കണക്ക്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കോര്‍പറേഷന്റെ നിലനില്‍പ് അപകടത്തിലാവുമെന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് ബെവ്‌കോ എംഡി എച്ച് വെങ്കിടേഷ് സര്‍ക്കാരിന് കത്തുനല്‍കി. മദ്യശാലകള്‍ പൂട്ടിയതു കാരണം പ്രതിദിന നഷ്ടം എട്ടു മുതല്‍ പത്തു കോടി വരെയുണ്ടെന്നാണ് എംഡി നല്‍കിയ കണക്ക്. 270 ഔട്ട്‌ലെറ്റുകളില്‍ 146 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതിനും തദ്ദേശ സ്ഥാപനങ്ങളുടെ സ്‌റ്റോപ്പ് മെമ്മോ കിട്ടിയിട്ടുമുണ്ട്. ഔട്ട്‌ലെറ്റുകള്‍ മാറ്റാനായി 60ലേറെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും എല്ലായിടത്തും ഉയരുന്ന ജനരോഷമാണ് പ്രശ്‌നമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ 29 പാതയോര വില്‍പനശാലകളില്‍ 17 എണ്ണം മാറ്റിയെന്നാണ് കണക്ക്. വലിയതോതിലുള്ള വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നും കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ പറയുന്നു. ബെവ്‌കോയുടെ നഷ്ടം കറന്‍സി പ്രതിസന്ധിയില്‍ ഉലയുന്ന സര്‍ക്കാരിനും തിരിച്ചടിയായി. ബെവ്‌കോ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിദിന വരുമാനം ട്രഷറിയിലേക്ക് മാറ്റാനായിരുന്നു ധനവകുപ്പിന്റെ നീക്കം. ബെവ്‌കോയുടെ വരുമാനം കുറഞ്ഞത് ധനവകുപ്പിന്റെ ബദല്‍ നീക്കങ്ങള്‍ക്കും തടസ്സമായി. മദ്യശാല മാറ്റാന്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ സുപ്രിംകോടതിയോട് ചോദിച്ചിട്ടുണ്ട്. അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ആരോഗ്യപ്രശ്‌നങ്ങളാല്‍ അവധിയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ നാളെ വീണ്ടും എക്‌സൈസ് വകുപ്പിന്റെ ചുമതലയേല്‍ക്കും. മന്ത്രി ഉടന്‍ എക്‌സൈസിലെയും ബെവ്‌കോയിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തുമെന്നാണ് വിവരം.
Next Story

RELATED STORIES

Share it