പാതയോരത്തെ മദ്യശാല; ഇളവ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാം

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലാ നിരോധനം സംബന്ധിച്ച 2016ലെ ഉത്തരവില്‍ സുപ്രിംകോടതി ഭേദഗതി വരുത്തി. പുതിയ ഉത്തരവ് പ്രകാരം പട്ടണങ്ങളുടെ സമാന സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് നിരോധന വ്യവസ്ഥയില്‍ ഇളവു വരുത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കി. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ഏതൊക്കെയാണ് പട്ടണങ്ങള്‍ എന്ന് അതതു സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാം. നഗരങ്ങളുടെ സ്വഭാവമുള്ള വലിയ പഞ്ചായത്തുകള്‍ക്കാണ് ഇളവു നല്‍കേണ്ടതെന്നും ഇതിനുള്ള വ്യവസ്ഥകളും പുതിയ ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കുന്നുണ്ട്. പുതിയ ഭേദഗതിയോടെ 2016ലെ ഉത്തരവിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ബാറുകള്‍ക്കെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുങ്ങും. പട്ടണത്തിന്റെ സ്വഭാവം പ്രകടമാക്കുന്ന മരട്, മൂന്നാര്‍, കുമളി പോലുള്ള പഞ്ചായത്തുകളിലെ അടച്ചുപൂട്ടിയ ബാറുകള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാരിനു സാധിക്കും. സംസ്ഥാനത്ത് 1825 മദ്യശാലകളായിരുന്നു കോടതി ഉത്തരവോടെ അടച്ചുപൂട്ടിയത്.
അതേസമയം, വാഹനാപകടനിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന വസ്തുത ബാര്‍ ലൈസന്‍സ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഓര്‍മിക്കണമെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു. രാജ്യത്തു വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കുള്ള പ്രധാന കാരണം മദ്യപിച്ചു വാഹനമോടിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി 2016 ഡിസംബര്‍ 15നാണ് ദേശീയ-സംസ്ഥാനപാതകളിലെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.
പാതയോരങ്ങളിലെ മദ്യവില്‍പന സംബന്ധിച്ച ഉത്തരവിനെതിരേ അസം സര്‍ക്കാര്‍ നല്‍കിയ ഹരജിയായിരുന്നു കോടതി മുമ്പാകെയുള്ള പ്രധാന കേസ്. ഈ കേസില്‍ പിന്നീട് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ ബാറുടമകളും കക്ഷിചേരുകയായിരുന്നു. കോര്‍പറേഷന്‍-മുനിസിപ്പല്‍ പരിധിയിലെ മദ്യവില്‍പന ശാലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് നേരത്തെത്തന്നെ കോടതി ഉത്തരവിട്ടിരുന്നു.
പുതിയ ഉത്തരവോടെ അടച്ചുപൂട്ടിയ അഞ്ഞൂറോളം കള്ളുഷാപ്പുകള്‍ക്കും മൂന്നു ത്രീസ്റ്റാര്‍ ബാറുകള്‍ക്കും സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it