Flash News

പാതയോരത്തെ മദ്യശാലകള്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നില്ല : എക്‌സൈസ് മന്ത്രി



തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നില്ലെന്നും 14ന് അന്തിമവിധി വരുമ്പോള്‍ കോടതി നിര്‍ദേശാനുസരണം തീരുമാനമെടുക്കുമെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശത്തെ തുടര്‍ന്നാണ് കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാതയില്‍ മദ്യശാലകള്‍ തുറന്നത്. ബുധനാഴ്ച കോടതിയില്‍ നിന്ന് മറ്റൊരു പരാമര്‍ശമുണ്ടായപ്പോള്‍ അത് പൂട്ടുകയും ചെയ്തു. ദേശീയപാത സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനോടോ എക്‌സൈസ് വകുപ്പിനോടോ കോടതി വിശദീകരണം തേടിയിട്ടില്ല. കോടതിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. കോടതിയെ അനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കള്ളക്കളിക്ക് പിന്നില്‍ അഴിമതി: എം എം ഹസന്‍
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ബോധപൂര്‍വം നടത്തിയ കള്ളക്കളി  ഹൈക്കോടതി കൈയോടെ പിടികൂടിയെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിക്കുപിന്നില്‍ അഴിമതിയുണ്ടെന്ന് താന്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അതിപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു. ഹൈക്കോടതിയുടെ വിധി ദുര്‍വ്യാഖ്യാനം ചെയ്ത് മദ്യ മുതലാളിമാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച എക്‌സൈസ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ  നടപടിയെടുക്കണം. ഇതിനുപിന്നില്‍ വലിയ അഴിമതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണം. തെറ്റായ നിയമോപദേശം നല്‍കുകയും അപ്പീല്‍ പോവാന്‍ വിസമ്മതിക്കുകയും ചെയ്ത എജിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റണം. 14ാം തിയ്യതി വാദം പൂര്‍ത്തിയാക്കി കോടതിവിധി വരുമ്പോള്‍ ഇതിലും വലിയ തിരിച്ചടിയാണ് സര്‍ക്കാരിന് കിട്ടാന്‍ പോവുന്നതെന്നും എം എം ഹസന്‍ പറഞ്ഞു.
സര്‍ക്കാരിനേറ്റ തിരിച്ചടി:കുഞ്ഞാലിക്കുട്ടി
തൃശൂര്‍: ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് മദ്യവിഷയത്തില്‍ കോടതി നടത്തിയ പരാമര്‍ശമെന്ന് മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും അടക്കം കേരളീയ പൊതുസമൂഹം നേടിയെടുത്ത മദ്യവര്‍ജനമെന്നതിനെ ഇല്ലാതാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതുപക്ഷനയത്തിനെതിര്: ജമാഅത്ത്ഫെഡറേഷന്‍
കൊല്ലം: മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ മദ്യലോബികളുടെ ഇംഗിതത്തിനനുസരിച്ച് മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ഭരണചക്രം തിരിക്കുന്നത് അപലപനീയമായ നടപടിയെന്ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന നേതൃയോഗം ആരോപിച്ചു.  യോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എം എ സമദ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it