Kollam Local

പാതയോരത്തെ ആല്‍മരത്തിന്റെ ശിഖരം വീണ് രണ്ടുപേര്‍ക്ക് പരിക്ക്

ചാത്തന്നൂര്‍: ദേശീയ പാതയോരത്തു നിന്ന ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റും സ്‌ക്കൂട്ടര്‍ വര്‍ക്ക് ഷോപ്പും തകര്‍ന്നു.
രണ്ടു പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ജങ്ഷനില്‍ സ്‌കൂട്ടര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന വേളമാനൂര്‍ ദേവ് നിവാസില്‍ സുദേവന്‍,ബൈക്ക് നന്നാക്കാനായെത്തിയ ചിറക്കര ഇടവട്ടം കമലാലയത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാരംകോട് ശീമാട്ടി കാപ്പെക്‌സ് ജങ്ഷനില്‍ ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ നിന്നും എസ്എന്‍ കോളജ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പാതയോരത്ത് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിന് കുറുകെ വീഴുകയായിരുന്നു. ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞ ശിഖരം വീണ് പോസ്റ്റ് തകര്‍ന്ന് സമീത്തെ സ്‌ക്കൂട്ടര്‍ വര്‍ക്ക് ഷോപ്പിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
ബൈക്ക് നന്നാക്കിക്കൊണ്ടു നില്‍ക്കുകയായിരുന്ന സുദേവനും ബൈക്കുടമ ഉണ്ണികൃഷണനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരവൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ റോഡിനുകുറെകെ വീണ ശിഖരം മുറിച്ചു മാറ്റിയാണ് കാരംകോട്-മീനാട് റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്.ചാത്തന്നൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it