kannur local

പാതയോരങ്ങളിലെ പടക്കക്കടകള്‍ ഭീതിയൊഴിയാതെ ജനം

കണ്ണൂര്‍: പാതയോരങ്ങളിലും നിരവധി കടകള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന പടക്കക്കടകള്‍ ഭീതിയുയര്‍ത്തുന്നു. പരവൂര്‍ ദുരന്തത്തിനിടയിലും നഗരത്തിലടക്കം പാതയോരങ്ങളിലെ പടക്കവില്‍പനയാണു ഭീതിയുയര്‍ത്തുന്നത്. വാഹനങ്ങളും നിരവധി യാത്രക്കാരും നിരന്തരം കടന്നുപോവുന്ന വഴിയോരങ്ങളിലെ കടകളില്‍ താല്‍ക്കാലിക സംവിധാനമൊരുക്കിയാണ് പലപ്പോഴും പടക്കങ്ങള്‍ വില്‍ക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളില്‍ വിഷു, ക്രിസ്തുമസ്, ന്യൂഇയര്‍ അവസരങ്ങളില്‍ മാത്രം വില്‍പന നടത്തുന്നവരും കുറവല്ല. പുതിയതെരുവില്‍ കാട്ടാമ്പള്ളി റോഡിലെ ബസ് സ്റ്റോപ്പിനു സമീപത്തെ പടക്ക കടയിലും ആഘോഷസീസണുകളില്‍ വന്‍ വില്‍പനയാണു നടക്കാറുള്ളത്. പലപ്പോഴും ലൈസന്‍സുള്ള കടകളേക്കാള്‍ കൂടുതല്‍ കച്ചവടം അനധികൃത കടകളിലാണ്. കാരണം, അനുവദിച്ചതും അല്ലാത്തതുമായ പലവിധത്തിലുള്ള പടക്കങ്ങളും ഇത്തരം കടകളില്‍ നിന്നു ലഭിക്കുമെന്നതു തന്നെയാണ്.
പോലിസിന്റെയും റവന്യുവകുപ്പിന്റെയും ലൈസന്‍സ് ലഭിച്ച കടകളില്‍ മാത്രമേ പടക്കവില്‍പന പാടുള്ളൂവെന്നാണു ചട്ടം. എന്നാല്‍ പലപ്പോഴും അധികൃതര്‍ കണ്ണടക്കുകയോ അനധികൃത കടക്കാരില്‍ നിന്ന് പണം വാങ്ങിയോ ആണ് ഒത്താശ ചെയ്യുന്നത്. അപകടങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇക്കാര്യങ്ങളിലെല്ലാം അല്‍പമെങ്കിലും ജാഗ്രത കാണിക്കാറുള്ളത്. പടക്ക വില്‍പന മല്‍സരബുദ്ധിയിലേക്കു മാറുന്ന ഗ്രാമങ്ങളില്‍ പടക്കം പൊട്ടിച്ചു വരെ ആവശ്യക്കാരെ ആകര്‍ഷിക്കാറുണ്ട്. അപകടം സംഭവിച്ച ശേഷം നിരോധിക്കുന്നതിനുപകരം നിയമം കാറ്റില്‍പറത്തുന്നവരെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്. ലോക്കല്‍ പോലിസും തഹസില്‍ദാറുമാണ് നടപടി സ്വീകരിക്കേണ്ടതെങ്കിലും പലരുടെയും ഇടപെടല്‍ കാരണം ഒതുക്കുകയാണു പതിവ്. അപകടരമായ പടക്കവില്‍പന വഴിയാത്രക്കാര്‍ക്കും മറ്റു വ്യാപാരസ്ഥാപനങ്ങള്‍ ഭീഷണിയാണ്.മിക്ക പടക്കകച്ചവട സ്ഥാപനങ്ങളും അവധി ആഘോഷിക്കുന്ന കുട്ടികളെ കച്ചവടത്തിനായി നിര്‍ത്തിയിരിക്കുന്നതും പതിവാണ്. പടക്ക നിര്‍മാണത്തിനും വില്‍പനക്കും പ്രത്യേക ലൈസന്‍സ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ഇത്തരം പ്രവൃത്തികള്‍ തുടര്‍ക്കഥയാവുകയാണ്.
Next Story

RELATED STORIES

Share it