ernakulam local

പാതയോരം കൈയേറി കച്ചവടം; ഗതാഗതക്കുരുക്ക് രൂക്ഷം

മട്ടാഞ്ചേരി: കാല്‍നടയാത്രക്കാര്‍ക്കായി നിര്‍മിച്ച പാതയോരം കൈയേറിയുള്ള കടക്കാരുടെ കച്ചവടം ജനത്തിരക്കേറിയ മട്ടാഞ്ചേരി പാലസ് റോഡില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. ഇവിടെത്തെ കടയുടമകള്‍ പാതയോരത്തേക്ക് സാധനങ്ങള്‍ ഇറക്കി വച്ചാണ് കച്ചവടം ചെയ്യുന്നത്. തിരക്കേറിയതും ഇടുങ്ങിയതുമായ ഈ റോഡില്‍ കാല്‍നടയാത്ര ഏറെ ദുസ്സഹമായി മാറി. രണ്ട് വിദ്യാലയങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ രണ്ട് നഴ്‌സറി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും വിദ്യാര്‍ഥികള്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് അതി സാഹസികമായിട്ടാണ്. ഇടുങ്ങിയ റോഡിലൂടെ വരുന്ന വാഹനങ്ങളെ മുട്ടാതെ കടന്ന് പോവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാല്‍നടക്കാര്‍. കടയ്ക്കകത്തേക്ക് സാധനങ്ങള്‍ കയറ്റി കച്ചവടം ചെയ്യാമെങ്കിലും എല്ലാവരും ഫുട്പാത്ത് തങ്ങളുടെ സ്വന്തമാണ് എന്ന നിലയിലാണ് കയ്യടക്കിയിരിക്കുന്നത്. നേരത്തേ പരാതി വ്യാപകമായപ്പോള്‍ മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ എസ് വിജയന്‍ ഇടപെട്ട് പാതയോരത്തെ കച്ചവടം ഒഴിപ്പിച്ചതാണ്. എന്നാല്‍ പോലിസ് അഴഞ്ഞതോടെ കച്ചവടം വീണ്ടും പഴയ പടിയായി. ഫുട്പാത്തില്‍ സാധനങ്ങള്‍ വച്ചിരിക്കുന്നതിനാല്‍ വാങ്ങാന്‍ വരുന്നവര്‍ റോഡിലാണ് നില്‍ക്കുന്നത്. ഇതും ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ റോഡിലൂടെ വരികയായിരുന്ന ഒരു കുട്ടിയുടെ മേല്‍ വാഹനം തട്ടിയ സംഭവവുമുണ്ടായി. വഴിയോര കച്ചവടക്കാരല്ല ഇവിടെ പാതയോരം കയ്യടിക്കിയിട്ടുള്ളത്. മറിച്ച് സ്വന്തമായി കട നടത്തുന്നവരാണ് കൈയേറ്റക്കാര്‍ എന്നതാണ് വസ്തുത. പഴങ്ങളും പച്ചക്കറികളുമായി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം തന്നെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് പാതയോരം കൈയേറിയുള്ള അനധികൃത കച്ചവടവും പൊടി പൊടിക്കുന്നത്. അനധികൃത കൈയേറ്റം അധികൃതര്‍ക്ക് അറിയാമെങ്കിലും ഇവര്‍ ഇത് കണ്ടില്ലന്ന് നടിക്കുകയാണ്. പാതയോരം ഒഴിവാക്കിയാ ല്‍ ഇവരുടെ കച്ചവടത്തിന് യാതൊരു കോട്ടവും തട്ടില്ലെന്നിരിക്കെ കൈയേറ്റം ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.അതേസമയം നേരത്തേ കൈയേറ്റം ഒഴിപ്പിച്ചതാണെന്നും ഇപ്പോള്‍ അത് വീണ്ടും തുടരുന്ന സാഹചര്യത്തില്‍ പാതയോരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാവുമെന്നും മട്ടാഞ്ചേരി അസി. കമ്മീഷ്ണര്‍ എസ് വിജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it