wayanad local

പാണ്ടിക്കടവില്‍ സാഭിമാനം ജയലക്ഷ്മി

മാനന്തവാടി: എടവക പഞ്ചായത്തിലെ പാണ്ടിക്കടവില്‍ പര്യടനം നടത്തുമ്പോള്‍ ജയലക്ഷ്മിയുടെ മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരി. നിന്നു തിരിയാനിടമില്ലാതെ ദുരിതംപേറി ഇടിഞ്ഞുവീഴാറായ ഒറ്റമുറിക്കുള്ളില്‍ തിങ്ങിഞെരുങ്ങിക്കഴിഞ്ഞിരുന്ന പാണ്ടിക്കടവിലെ കന്നുകാലിച്ചന്തയ്ക്ക് ശാപമോക്ഷം നല്‍കിയതാണ് ഈ അഭിമാനത്തിനു കാരണം. മാനന്തവാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മി ഇന്നലെ എടവക പഞ്ചായത്തില്‍ പ്രചാരണം തുടങ്ങിയത് പാണ്ടിക്കടവില്‍ നിന്നാണ്.
അടിസ്ഥാന സൗകര്യക്കുറവുകൊണ്ടും നിര്‍മാണത്തിലെ അപാകത കാരണവും ചന്തയിലെ മാലിന്യങ്ങള്‍ വര്‍ഷങ്ങളോളം മാനന്തവാടി പുഴയിലേക്കായിരുന്നു ഒഴുക്കിയിരുന്നത്. എടവക പഞ്ചായത്ത് ജലനിധി ഫണ്ടില്‍നിന്ന് 63 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കന്നുകാലിച്ചന്ത രണ്ടുമാസം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. മാനന്തവാടി, തവിഞ്ഞാല്‍, എടവക പഞ്ചായത്തുകളില്‍ ഇതോടൊപ്പം തന്നെ ജലനിധി പദ്ധതിയും ജയലക്ഷ്മി മുന്‍കൈയെടുത്താണ് പൂര്‍ത്തിയാക്കിയത്. മാനന്തവാടി നഗരത്തിലേക്കും എടവക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കും ശുദ്ധജല വിതരണത്തിനായി കൊണ്ടുവന്ന ഏറ്റവും വലിയ ജലവിതരണ പദ്ധതിയായ 27 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
പിലാക്കാവ്, കണിയാരം, എരുമത്തെരുവ്, വാളേരി, കുണ്ടറമൂല, അയിലമൂല, രണ്ടേനാല്, പേരിയ തുടങ്ങിയ പ്രദേശങ്ങളിലും പര്യടനം നടത്തി. മരണവീടുകളിലും വിവാഹവീടുകളിലും സ്ഥാനാര്‍ഥിയെത്തി. വാളേരി വെങ്ങലോട് കോളനിയിലെ പുത്തന്‍പുര കേളുവിന്റെ മകള്‍ വിനീതയുടെയും രഘുവിന്റെയും വിവാഹത്തിന് സ്ഥാനാര്‍ഥി എത്തിയതു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ആവേശമായി.
Next Story

RELATED STORIES

Share it