Kottayam Local

പാഡി ഓഫിസര്‍മാരുടെ പരിശോധന വൈകുന്നു നെല്ലു വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍



വൈക്കം: അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ലു വിറ്റഴിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയായ വെച്ചൂര്‍, തലയാഴം, കല്ലറ പാടശേഖരങ്ങളിലെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളിലെ വിളവെടുത്ത നെല്ലാണ് ഓരോ മേഖലകളിലും വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതെ കെട്ടിക്കിടക്കുന്നത്. 20 ദിവസം മുമ്പ് കൊയ്ത നെല്ല് വെയിലും മഴയുമേറ്റ് നശിക്കുകയാണ്. സപ്ലൈക്കോ ചുമതലപ്പെടുത്തിയിട്ടുള്ള പാഡി ഓഫിസര്‍മാരുടെ പരിശോധനയ്ക്കു ശേഷമാണ് നെല്ലു സംഭരണം നടത്തുന്നത്. ഇതിനുള്ള നടപടികള്‍ വൈകുന്നതാണ് പ്രശ്‌നം. 100 കിലോ നെല്ലിന് 15ഉം, 17ഉം കിലോ നെല്ല് താര ഇനത്തില്‍ നല്‍കണമെന്ന പുതിയ നിര്‍ദേശമാണ് നെല്ല് സംഭരണത്തെ പ്രതിസന്ധിയിലാക്കിയതെന്നു പാടശേഖര സമിതികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 100 കിലോയ്ക്ക് മൂന്നു കിലോ താര എന്ന വ്യവസ്ഥയിലാണ് നെല്ല് സംഭരണം നടത്തിയിരുന്നത്. ഇപ്പോഴത് വന്‍തോതില്‍ വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത ഭാരമാണെന്ന് കല്ലറ, കിണറ്റുകര പാടശേഖര സമിതി കണ്‍വീനര്‍ പി ജെ സെബാസ്റ്റ്യന്‍ പറഞ്ഞു. കിണറ്റുകര പാടശേഖര സമിതിയുടെ 260 ക്വിന്റല്‍ നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുകയാണ്. ഏക്കറിന് 40000 രൂപ ചെലവ് വന്നതായി സെബാസ്റ്റ്യന്‍ പറഞ്ഞു. അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന നെല്ല് ഓരോ പ്രദേശങ്ങളിലുമായി കെട്ടിക്കിടക്കുകയാണ്. തുലാവര്‍ഷത്തിലെ കനത്ത മഴ ഓരോ കര്‍ഷകരുടെയും മേല്‍ ഇരട്ടി ഭാരം ഏല്‍പ്പിക്കുകയാണ്. ഉണക്കി പാകപ്പെടുത്തിയ നെല്ല് നനവ് തട്ടിയാല്‍ വിപണനത്തിന് തടസ്സമാകും. 21 ദിവസം മുമ്പ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൊയ്ത്ത് ഉല്‍സവം നടത്തിയ പാടശേഖരങ്ങളിലെ നെല്ലാണ് വാങ്ങാന്‍ അളില്ലാതെ കിടക്കുന്നത്. കൃഷി ഓഫിസര്‍, പാഡി ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ് അടങ്ങിയ സമിതി അടിയന്തരമായി പ്രശ്‌നത്തിന്റെ ഗൗരവം പഠിച്ച് നെല്ല് സംഭരണത്തിന് നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it