Most popular

പാഠപുസ്തക അച്ചടിയില്‍ വ്യാപക ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയില്‍ വ്യാപക ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍. സ്വകാര്യപ്രസ്സിനു നല്‍കിയ ടെന്‍ഡറിലാണ് ക്രമക്കേടു കണ്ടെത്തിയിരിക്കുന്നത്. സുതാര്യമല്ലാത്ത ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച സി- ആപ്റ്റ് എംഡി സജിത് വിജയരാഘവനെ പുറത്താക്കണമെന്നും ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തു.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളുടെ പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സി-ആപ്റ്റിനെ ഏല്‍പ്പിച്ചത്. കുറഞ്ഞ സമയംകൊണ്ട് 43 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സാങ്കേതികസംവിധാനമില്ലെന്ന കാര്യം മറച്ചുവച്ച് ഓര്‍ഡര്‍ സ്വീകരിച്ച സി-ആപ്റ്റ് അച്ചടി സ്വകാര്യപ്രസ്സിനെ ഏല്‍പ്പിച്ചു. എന്നാല്‍, ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായിരുന്നില്ല. സ്റ്റോക്ക് പര്‍ച്ചേസ് റൂള്‍ മറികടന്നായിരുന്നു നടപടികള്‍. ടെന്‍ഡര്‍ പരസ്യത്തിലും ഒന്നിലേറെ അവ്യക്തതകളുണ്ടായിരുന്നു.
ജൂണ്‍ എട്ടിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ച് 11ന് അവസാനിപ്പിച്ചു. ഗാരന്റി ബാങ്ക് വഴി സമര്‍പ്പിക്കാന്‍ കുറഞ്ഞത് 48 മണിക്കൂര്‍ വേണം. മണിപ്പാല്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് ഒഴികെ വേറൊരു സ്ഥാപനത്തിനും ബാങ്ക് ഗാരന്റി നല്‍കാന്‍ കഴിഞ്ഞില്ല. മണിപ്പാല്‍ ടെക്‌നോളജീസിനു മാത്രം എങ്ങനെ കുറഞ്ഞ സമയത്തിനുള്ള ബാങ്ക് ഗാരന്റി സമര്‍പ്പിക്കാനായി എന്നതു ദുരൂഹമാണ്.
അതേസമയം, എംഡിയെ തല്‍സ്ഥാനത്തുനിന്നു പുറത്താക്കി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എന്നാ ല്‍, ടെന്‍ഡര്‍ വിളിച്ചതല്ലാതെ സ്വകാര്യപ്രസ്സിന് അച്ചടിക്കായി സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും നഷ്ടം സംഭവിച്ചെന്ന വാദം തെറ്റാണെന്നുമാണ് സജിത് വിജയരാഘവന്റെ നിലപാട്.
Next Story

RELATED STORIES

Share it