പാഠപുസ്തകമില്ലാതെ ഈ വര്‍ഷം; അടുത്ത വര്‍ഷത്തേക്കുള്ള വിതരണം തുടങ്ങി

സ്വന്തം പ്രതിനിധി

ആനക്കര (പാലക്കാട്): പാഠപുസ്തകങ്ങള്‍ ലഭ്യമാവാതെ ഈ അധ്യയന വര്‍ഷം വിടപറയാനൊരുങ്ങുമ്പോള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ മുന്‍കൂര്‍ നല്‍കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ മുതലാണ് സംസ്ഥാനത്തെ ചിലയിടങ്ങളില്‍ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍കൂറായി നല്‍കിത്തുടങ്ങിയിട്ടുള്ളത്.
മൂന്ന്, നാല് ക്ലാസുകള്‍ ഒഴികെ ഹൈസ്‌കൂള്‍ വരെയുള്ള എല്ലാ ക്ലാസുകളിലേക്കുമുള്ള പുസ്തകങ്ങളാണ് വിതരണം തുടങ്ങിയിട്ടുള്ളത്. അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കഴിഞ്ഞ സപ്തംബറിലാണ് ആരംഭിച്ചത്. ഏപ്രില്‍ 15ന് മുമ്പായി മുഴുവന്‍ പുസ്‌കങ്ങളുടെ അച്ചടിയും പൂര്‍ത്തിയാക്കി വിതരണം നടത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ വാദം.
അതേസമയം മധ്യവേനല്‍ അവധിക്ക് സ്‌കൂള്‍ അടയ്ക്കുന്നതിന്റെ മുന്നോടിയായുള്ള വാര്‍ഷിക പരീക്ഷകള്‍ നടക്കുന്ന സമയമായിട്ടും ഇനിയും യുപി, എല്‍പി വിഭാഗങ്ങളില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകം വിതരണം പൂര്‍ണമായിട്ടില്ല. പുസ്തകവും കൈപുസ്തകവുമില്ലാതെയാണ് അധ്യാപക പരിശീലനം പോലും നടന്നത്. വസ്തുതകള്‍ ഇതായിരിക്കെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ നേരത്തെ വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണെന്നാണ് രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആരോപണം.
Next Story

RELATED STORIES

Share it