Editorial

പാഠപുസ്തകങ്ങളില്‍ കാവി കയറുമ്പോള്‍

1976ലെ 42ാം ഭരണഘടനാ ഭേദഗതി വഴി വിദ്യാഭ്യാസം സ്‌റ്റേറ്റ് ലിസ്റ്റില്‍ നിന്നു കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റപ്പെട്ടതോടുകൂടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഇടപെടാനുള്ള സാഹചര്യം സംജാതമായി. ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ച 1986ലെ ദേശീയ വിദ്യാഭ്യാസനയത്തിലും 1990ല്‍ ആചാര്യ രാമമൂര്‍ത്തി കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളിലും 1992ലെ എന്‍ ജനാര്‍ദന റെഡ്ഡി കമ്മീഷന്റെയും നിര്‍ദേശം, മതേതര-ജനാധിപത്യ-ശാസ്ത്രവീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തില്‍ ഊന്നി ദേശീയോദ്ഗ്രഥനത്തിനു സഹായിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കുക എന്നതായിരുന്നു. പക്ഷേ, ഈ കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന രാഷ്ട്രീയ ഇടപെടലുകളാണ് വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടുകൂടി ഇടപെടലുകള്‍ തുടങ്ങി. ഡോ. മുരളി മനോഹര്‍ ജോഷി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അമരക്കാരനായി എത്തുന്നതുതന്നെ വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണമെന്ന അജണ്ടയുമായിട്ടായിരുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായ ജെ എസ് രാജ്പുത് എന്‍സിഇആര്‍ടി ഡയറക്ടറായി അവരോധിക്കപ്പെട്ടു. രാജ്പുതിന്റെ നേതൃത്വത്തില്‍ ചരിത്രപുസ്തകങ്ങളില്‍ ഗാന്ധി, നെഹ്‌റു, അബുല്‍ കലാം ആസാദ്, ബി ആര്‍ അംബേദ്കര്‍ തുടങ്ങിയവരെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയ ആര്‍എസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമരത്തിന്റെ വക്താക്കളായി ചിത്രീകരിച്ചു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കാവിവല്‍ക്കരണം കൂടുതല്‍ ശക്തമായി തുടരുകയാണ്. സര്‍വകലാശാലകളില്‍ ദേശസ്‌നേഹത്തിന്റെ പേരില്‍ ആസൂത്രിതമായി വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. എതിര്‍പ്പുകളെയെല്ലാം നിര്‍ദയം അടിച്ചമര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റികളിലും അക്കാദമിക് സമിതികളിലുമെല്ലാം ഇന്നു സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്രവും വക്താക്കളും പിടിമുറുക്കുകയാണ്. 2016 ജൂലൈ 30നു പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിലും പാഠ്യപദ്ധതി കാവിവല്‍ക്കരിക്കുന്നതിനുള്ള ഇടപെടലുകള്‍ പ്രകടമാണ്. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ വരുന്നത് ഗുജറാത്തില്‍ നിന്നും കേരളത്തില്‍ നിന്നുമാണ്. ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ യേശുക്രിസ്തുവിനെ ദുര്‍ദേവതയായി ചിത്രീകരിച്ചുകൊണ്ട് പാഠഭാഗങ്ങള്‍ വന്നത് ക്രൈസ്തവ വിശ്വാസികളെ വ്രണിതഹൃദയരാക്കി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ ഇത്തരം വര്‍ഗീയമായ പരാമര്‍ശങ്ങള്‍ വന്നതില്‍ അദ്ഭുതമില്ല. പക്ഷേ, വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണത്തെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ എംജി സര്‍വകലാശാലയുടെ പാഠ്യപദ്ധതിയിലും ഇത്തരം നിര്‍ദേശങ്ങള്‍ വന്നുവെന്നത് ഉല്‍ക്കണ്ഠയ്ക്ക് കാരണമായി.എംജി സര്‍വകലാശാലയുടെ പുതിയ സിലബസില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് പേപ്പറിലാണ് ഹിന്ദു മഹാസഭ സ്ഥാപകനായ വി ഡി സവര്‍ക്കറുടെ ഹിന്ദുത്വയും സാംസ്‌കാരിക ദേശീയതയും പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1948ല്‍ ആര്‍എസ്എസ് പിന്‍വലിച്ച ഗോള്‍വാള്‍ക്കറുടെ 'വീ ഓര്‍ ഔവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്' എന്ന പുസ്തകത്തിലെ പ്രത്യയശാസ്ത്രമാണ് ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള സിന്‍ഡിക്കേറ്റ് ഭരിക്കുന്ന എംജി സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണത്തിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കില്‍ അതു ഭാവിതലമുറയോട് കാണിക്കുന്ന മാപ്പര്‍ഹിക്കാത്ത കുറ്റമായിരിക്കും.
Next Story

RELATED STORIES

Share it