പാഠം പഠിക്കുകയല്ല, പകര്‍ത്തുകയാണ്

പാഠം പഠിക്കുകയല്ല, പകര്‍ത്തുകയാണ്
X


ബിവറേജസ് കോര്‍പറേഷന്റെ ഒരു ചില്ലറവില്‍പനശാല ഏഴയലത്തെങ്ങാനും കട തുറന്നാലുടന്‍ സമരവും സത്യഗ്രഹവുമായി ഇറങ്ങി പൂട്ടിക്കുന്ന പ്രബുദ്ധതയാണ് ഇക്കാല മലയാളിക്ക്. കള്ളുഷാപ്പ് തുറന്നാല്‍ തങ്ങളുടെ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് ആക്രോശം. നാട്ടുകാരുടെ മാലിന്യമെല്ലാം കൂടി റോഡില്‍നിന്നെടുത്ത് സംസ്‌കരിക്കാന്‍ എവിടെയെങ്കിലും ഒരു വെളിമ്പറമ്പിലിട്ടാല്‍ പഞ്ചായത്തിനു നേരെ സംഘടിതമായി കുതിരകയറും. ഈച്ചശല്യവും നാറ്റവും കൊണ്ട് ആകാശം ഇടിഞ്ഞുവീഴുമെന്നാണ് അന്നേരത്തെ യുക്തി. അതേസമയം, സ്വന്തം പുരയിലെ മാലിന്യം പൊതുനിരത്തിലോ അന്യന്റെ പറമ്പിലോ നിക്ഷേപിച്ച് തടിതപ്പുന്ന വിരുതന്‍മാരാണ് ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മഹാന്‍മാരെല്ലാം. ഇത്രകണ്ട് ജാഗരൂകരായ നാട്ടുകാര്‍ ആരെങ്കിലും സമ്മതിക്കുമോ, ഒരു വാതകപ്ലാന്റ് സ്വന്തം പര്യമ്പുറത്ത് സ്ഥാപിക്കാന്‍? ധര്‍മടത്ത് സ്വന്തം വീടിന് 30 മീറ്ററടുത്ത് സ്ഥാപിക്കാന്‍ സാക്ഷാല്‍ മുഖ്യമന്ത്രി സമ്മതിക്കുമോ?ഇല്ല. 'റസിഡന്‍ഷ്യല്‍' പ്രദേശത്ത് ഇമ്മാതിരി ഏര്‍പ്പാടുകള്‍ പറ്റില്ലെന്ന് മലയാളികള്‍ ആള്‍ഭേദമെന്യേ ശഠിക്കുന്നതിന്റെ കാരണം ലളിതമാണ്- സ്വന്തം കിടപ്പാടത്തിലെങ്കിലും സ്വസ്ഥമായി കഴിഞ്ഞുകൂടാന്‍ പറ്റാതെ വരുമോ എന്ന പേടി. അതുകൊണ്ടാണ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്, ദുര്‍ഗന്ധവും പകര്‍ച്ചവ്യാധിയും തടയാന്‍ വേണ്ട സകല സുരക്ഷാസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നു പറഞ്ഞാലും നാട്ടുകാര്‍ സമ്മതിക്കാത്തത്. സംവിധാനമൊക്കെ ഉണ്ടായാലും അങ്ങനെയൊരു ഭീഷണി സമീപത്ത് സ്ഥാപിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. എളംകുന്നപ്പുഴ പഞ്ചായത്ത് കേരളത്തിനു പുറത്തല്ല. കൊച്ചിയില്‍ പുതുവൈപ്പ് പ്രദേശത്ത് 65,000 കുടുംബക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തുറയാണ്. ദരിദ്രരായതുകൊണ്ട് 'റസിഡന്‍ഷ്യല്‍' പൊങ്ങച്ചമാനമൊന്നും നെറ്റിക്ക് ഒട്ടിച്ചിട്ടില്ലെന്നേയുള്ളൂ. അവരുടെ പുരയില്‍ നിന്ന് കഷ്ടി 30 മീറ്റര്‍ അകലത്ത് ഒരു അഗ്നിപര്‍വതം കെട്ടിപ്പൊക്കുന്നു- ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക സംഭരണി. 10 ലക്ഷത്തില്‍പ്പരം ഗ്യാസ്‌കുറ്റികള്‍ ഒന്നിച്ചു നിറച്ചുവച്ചാല്‍ എത്ര വരുമോ അതാണീ സംഭരണശാല. നാട്ടുകാരുടെ പാചകം പോഷിപ്പിക്കാനുള്ളതല്ല ഈ സംവിധാനം. കേരളത്തിലെ മൊത്തം പാചകവാതക ഡിമാന്‍ഡിന്റെ 20 ശതമാനം കൂടുതലായി കൊച്ചി റിഫൈനറി ഉല്‍പാദിപ്പിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേക്ക് പൈപ്പ്‌ലൈനിട്ട് കടത്താനുള്ള പദ്ധതി വേറെ. അതിനിടയ്ക്കാണ് ഇറക്കുമതി ചെയ്ത് സംഭരിക്കാനുള്ള ഈ പുതിയ പ്ലാന്റ്. അത് കനത്ത ജനസാന്ദ്രതയുള്ള ഒരു തുറയില്‍ത്തന്നെ സ്ഥാപിക്കാന്‍ പ്രത്യേകിച്ചൊരു യുക്തിയുമില്ല. കൊച്ചിയില്‍ത്തന്നെ വേണമെന്നുണ്ടെങ്കില്‍ ആളൊഴിഞ്ഞ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നിഷ്പ്രയാസം സ്ഥാപിക്കാം. ഇവിടെയാണ് ഐഒസിയെ മുന്‍നിര്‍ത്തിയുള്ള ഗൂഢപദ്ധതി തിരിച്ചറിയേണ്ടത്. തുറയിലെ ജനവാസത്തിന് കര്‍ട്ടനിടുക. കുടിയൊഴിപ്പിക്കല്‍ എന്നു പറഞ്ഞാല്‍ ഒച്ചപ്പാടാവും. നഷ്ടപരിഹാരം തൊട്ട് പുനരധിവാസം വരെയുള്ള അലമ്പ് വേറെ. മറിച്ച്, അഗ്നിബാധാ ഭീഷണിയുള്ളിടത്ത് ഭീതിമൂലം ജനം സ്വയം കുടിയൊഴിഞ്ഞുകൊള്ളും. കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തിയുള്ള നീക്കമാവുമ്പോള്‍ മാധ്യമങ്ങള്‍ തൊട്ട് കോടതി വരെ വഴിക്കു വന്നുകൊള്ളും. അതാണ് എളംകുന്നപ്പുഴയില്‍ അരങ്ങേറുന്ന ഭൂനാടകം. ആ നാടകത്തിന് ജനം തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രി പുതിയ രംഗങ്ങള്‍ എഴുതിച്ചേര്‍ത്ത് ശക്തി പകര്‍ന്നാലോ? അദ്ഭുതപ്പെടുത്തുന്ന ജനവിരുദ്ധതയാണ് പിണറായി വിജയന്‍ ഈ നാടകത്തില്‍ ഇതുവരെ ആടിത്തീര്‍ത്തത്. ഒന്നാമത്, ഐഒസി പ്ലാന്റിനെതിരേ കോടതികയറിയിരിക്കുന്നത് എളംകുന്നപ്പുഴ പഞ്ചായത്താണ്. എന്നുവച്ചാല്‍, പ്രശ്‌നബാധിതരുടെ ഔദ്യോഗികമായ ജനസഭ. കഴിഞ്ഞകൊല്ലം ഗ്രീന്‍ ട്രൈബ്യൂണല്‍ നല്‍കിയ ഇടക്കാല ഉത്തരവില്‍, അന്തിമവിധി വരെ പ്ലാന്റിന്റെ തല്‍സ്ഥിതി നിലനില്‍ക്കട്ടെ എന്നാണു പറഞ്ഞത്. ഇതിനെ നിലവിലുള്ള പണി തുടരട്ടെ എന്ന് ദുര്‍വ്യാഖ്യാനം ചെയ്താണ് കമ്പനി മുമ്പോട്ടുനീങ്ങിയത്. എട്ടാള്‍ പൊക്കത്തില്‍ കല്ലും മണ്ണും ഇറക്കി കാടിളക്കുന്ന പൈലിങ് നടത്തിയപ്പോള്‍, അന്തരീക്ഷമാകെ കലങ്ങി. പഞ്ചായത്തിലെ മനുഷ്യര്‍ക്ക് ജീവിക്കാനാവാത്ത ചുറ്റുപാടായി. അങ്ങനെയാണവര്‍ പ്രത്യക്ഷസമരത്തിന് ഇറങ്ങുന്നത്. അപ്പോഴും പൊതുനിരത്തിലോ കമ്പനിപ്പടിക്കലോ അല്ല, പഞ്ചായത്തിലെ ഒരു സ്വകാര്യ ഭൂമിയിലാണ് പന്തലിട്ടത്. അവിടെ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും സമാധാനപരമായി പ്രതിഷേധിച്ചതുകൊണ്ട് മാധ്യമങ്ങളടക്കം സകലരും കണ്ട ഭാവം നടിച്ചില്ല. അവഗണിച്ച് ഇല്ലാതാക്കുന്ന തന്ത്രം.രണ്ട്, കോടതി പറഞ്ഞ സ്റ്റാറ്റസ്‌കോയെ ദുര്‍വ്യാഖ്യാനം ചെയ്ത് കമ്പനി നടത്തുന്ന പണിയുടെ യഥാര്‍ഥ വശം. പദ്ധതിക്ക് കിട്ടിയ പഴയ അനുമതിയിലെ പ്രാഥമിക വ്യവസ്ഥ തന്നെ തീരദേശ പരിപാലന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നതാണ്. തിരയടിക്കുന്ന കടലോരത്തുനിന്ന് 200 മീറ്ററില്‍ പണികള്‍ പാടില്ല; അടുത്ത 300 മീറ്ററില്‍ നിയന്ത്രിത പണികള്‍ മാത്രം. നിയമം അങ്ങനെ പോവുമ്പോള്‍, ഈ കമ്പനിയുടെ മതിലിലാണ് തിരകള്‍ വന്നടിക്കുന്നത്. എന്നുവച്ചാല്‍, വെറുംകണ്ണാലേ കാണാവുന്നതാണ് കമ്പനിയുടെ പരസ്യമായ നിയമലംഘനം. സ്വാഭാവികമായും സംസ്ഥാന ഭരണകൂടത്തിന് നിഷ്പ്രയാസം ഇടപെടാം- ഏതു കൊടികെട്ടിയ പദ്ധതിയായാലും. ഇവിടെയാണു നമ്മുടെ മുഖ്യമന്ത്രിയുടെ രംഗപ്രവേശം. അധികാരമേറ്റപ്പോഴേ അദ്ദേഹം നയം വ്യക്തമാക്കിയതാണ്- വികസനം. പിന്നെ കൂടക്കൂടെയുള്ള ഓര്‍മപ്പെടുത്തലും- വികസനപദ്ധതികളെ എതിര്‍ത്താല്‍, അത് ഏതു ജനവിഭാഗമായാലും ശരി, നേരിട്ടുകളയും. പദ്ധതികള്‍ നടപ്പാക്കുക തന്നെ ചെയ്യും. ഒരു ജനാധിപത്യക്രമത്തില്‍ ഒരു മുഖ്യമന്ത്രി കയറി ജനതയെ പരസ്യമായി വിരട്ടുന്ന കലാപരിപാടി. അതു കേട്ടിട്ടും പ്രബുദ്ധകേരളം മിണ്ടിക്കൊടുത്തില്ല. സ്വാഭാവികമായും പദ്ധതിവീരന്മാര്‍ക്ക് മൂച്ചു കൂടും. അതാണ് ഐഒസിയുടെ നെഗളിപ്പിന് തുണയായത്. ഭരണാധികാരിയുടെ ഈ സൈസ് ഏകപക്ഷീയ നിലപാട് പ്ലാന്റ് ചോര്‍ച്ചയുണ്ടാക്കുന്ന വിപത്തിനേക്കാള്‍ ഭീകരമായ ഭവിഷ്യത്താണ് ജനാധിപത്യത്തിനുണ്ടാക്കുക. ഇവിടെ സമരം നടത്തിവന്നത് തുറയിലെ ജനങ്ങളാണ്; ജാതി, മത, ലിംഗ, രാഷ്ട്രീയഭേദമില്ലാതെ ഒരു ദേശത്തെ ജനത. ഈ ഐക്യത്തിനു കാരണം അവര്‍ക്കെല്ലാം ഒരുപോലെ ഇത് ജീവല്‍പ്രശ്‌നമാണ്. സമരം നടത്തിയ സ്ഥലമോ രീതിയോ ആര്‍ക്കും ചോദ്യംചെയ്യാവുന്നതുമല്ല. അവഗണിച്ചു തമസ്‌കരിക്കാന്‍ പറ്റാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ ഒരു കാരണമുണ്ടായി. വരുന്ന ജൂലൈ നാലിന് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി വരും. അതിനു മുമ്പ് സമരം പൊളിക്കണം, പദ്ധതിക്ക് എതിര്‍പ്പില്ലാതാക്കണം; കമ്പനിയുടെ നിയമലംഘനം ഉയര്‍ത്തിക്കാട്ടുന്നവരെ ചിതറിക്കണം. കോടതിവിധി സൂത്രത്തില്‍ വെട്ടിക്കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയ സമരക്കാരെ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വഴിക്കാണ് തഞ്ചത്തില്‍ അടക്കിയത്. മുഖ്യമന്ത്രിയുമായി ഒരു സന്ധിസംഭാഷണത്തിന് അരങ്ങൊരുക്കുന്നു. ആദ്യത്തെ ചര്‍ച്ചയില്‍ തന്നെ ബന്ധപ്പെട്ട തര്‍ക്കകക്ഷികള്‍ക്കു പുറമെ പോലിസ് മൂപ്പനെയും കയറ്റിയിരുത്തുന്നു. പ്ലാന്റും നാട്ടുകാരും തമ്മിലുള്ള സിവില്‍ പ്രശ്‌നത്തില്‍ പോലിസുകാരന് എന്താണ് റോള്‍? ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ സമരക്കാര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും ആ റോള്‍ മനസ്സിലായിരുന്നു. സമരക്കാര്‍ക്ക് അതു മനസ്സിലാക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടിവന്നു. കഴിഞ്ഞ 14ന് പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ ഒരുസംഘം പോലിസുകാര്‍ വന്ന് സമരക്കാരെ തുരത്തി, പന്തല്‍ പൊളിച്ചുകളയുന്നു. സ്വകാര്യഭൂമിയില്‍ പന്തലിട്ടവരെ ആക്രമിക്കാന്‍ ഒരേമാനും അധികാരമില്ലെന്നിരിക്കെ, അതൊരു പ്രലോഭനമായിരുന്നു- സമരക്കാരെ അക്രമാസക്തരാക്കി തെരുവിലേക്കിറക്കാനുള്ള തന്ത്രം. കാര്യമറിയാത്ത സമരക്കാര്‍ ഐജി ഓഫിസിലേക്ക് പായുന്നു- വണ്ടിപിടിച്ചും ലൈന്‍ബസ്സുകളിലുമൊക്കെയായി കുഞ്ഞുകുട്ടിപരാതീനങ്ങള്‍ സഹിതം. ഐജി ഓഫിസ് ഹൈക്കോടതി പരിസരത്താണ്. അവിടേക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും എത്തിയ തുറക്കാര്‍ക്ക് മേല്‍ കൊച്ചി ഡിസിപിയുടെ തേര്‍വാഴ്ച. മനുഷ്യരെ മൃഗീയമായി പീഡിപ്പിക്കുന്നതില്‍ ക്രിമിനലുകളെ വെല്ലുന്ന വൈഭവം നേരത്തേ തന്നെ പ്രകടിപ്പിച്ചിട്ടുള്ള പുമാനാണ് ഈ ഐപിഎസ് പ്രതിഭ. അയാളുടെ മനോരോഗം പത്തിവിരിക്കുന്നത് കേരളം ടിവിദ്വാരാ കണ്ടാസ്വദിച്ചു. ഒരു ലാത്തിച്ചാര്‍ജ് നടത്താന്‍ പാലിക്കേണ്ട കേവല മാനദണ്ഡങ്ങളോ അതിനുള്ള വിദൂരമായ അന്തരീക്ഷമോ പോലുമില്ലാതെ നടത്തിയ ഈ സൈക്കോ-പാത് പ്രകടനത്തെപ്പറ്റി ഭരണപ്പാര്‍ട്ടിയോ മുഖ്യനോ കമാന്നു മിണ്ടുന്നില്ല. സിപിഎമ്മിന്റെ സ്ഥലം ജനപ്രതിനിധിയും സഖ്യകക്ഷിയായ സിപിഐയും പരസ്യമായി രംഗത്തുവന്നിട്ടും ഇപ്പറഞ്ഞ മേലാളന്‍മാര്‍ അനങ്ങിക്കൊടുത്തില്ല. കാരണം, അവര്‍ക്ക് ഈ നാടകത്തിന്റെ തിരക്കഥ കുറേക്കൂടി പൂരിപ്പിക്കാനുണ്ടായിരുന്നു. പിറ്റേന്ന് കനത്ത പോലിസ് ബന്തവസില്‍ പ്ലാന്റില്‍ പണി നടക്കുന്നു. പ്രതിഷേധിക്കാന്‍ കൂടിയ സമരക്കാരെ പോലിസ് തടയുന്നു. ഉടനെ വരുന്നു, പോലിസിനു നേര്‍ക്ക് കല്ലേറ്. പദ്ധതിസ്ഥലത്തുനിന്നുള്ള ഏറില്‍ തല പൊട്ടിയത് സമരക്കാരിലൊരാള്‍ക്ക്. കല്ലു വന്ന ദിശയും കല്ലിന്റെ രൂപപ്രകൃതവും കാര്യങ്ങള്‍ വ്യക്തമാക്കി- പോലിസുകാരുടെ തിരക്കഥയാണ് ഈ കല്ലേറും. സമരക്കാരെ തല്ലിയൊതുക്കിയും കസ്റ്റഡിയിലെടുത്തും ഏമാന്മാര്‍ മുന്നേറിയപ്പോള്‍ കല്ലെറിഞ്ഞ ഗുണ്ടകളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു- ഏമാന്‍മാര്‍ തന്നെ സെറ്റപ്പാക്കിയ കഥാപാത്രങ്ങള്‍. ഈ തിരക്കഥ പുറത്തായതോടെ പോലിസ് മൂപ്പന്‍ നേരിട്ട് രംഗത്തിറങ്ങുന്നു- സെന്‍കുമാര്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തലേന്ന് പ്രശ്‌നമുണ്ടാക്കാന്‍ ചില തീവ്രവാദികള്‍ നടത്തിയ ശ്രമമാണ് ഹൈക്കോടതിപരിസരത്തെ പോലിസ് നടപടിക്കു കാരണമെന്ന്. പുറ്റിങ്ങല്‍ ദുരന്തത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ ധിക്കരിച്ച പോലിസുകാരെ വെള്ളപൂശിയ പുണ്യാത്മാവാണിതെന്ന് എല്ലാവര്‍ക്കുമറിയാം. അതിലുപരി, പോലിസ് അതിക്രമങ്ങള്‍ക്കും ഭരണകൂട ഭീകരതയ്ക്കും ഉത്തരം മുട്ടുമ്പോള്‍ ഇന്ത്യയിലെ പോലിസുകാര്‍ പിടിക്കുന്ന സ്ഥിരം പരിചയുണ്ട്- തീവ്രവാദിബന്ധം. അതല്ലാതെ മറ്റൊന്നും തലയിലില്ലാത്ത ക്രിമിനല്‍ നയക്കാരെ സംബന്ധിച്ച് ഈ താരിപ്പിനൊരു ഔദ്യോഗിക പിന്‍ബലവുമുണ്ട്.  ഇന്നേവരെ ഒരൊറ്റ സര്‍ക്കാരും പോലിസുകാരുടെ ഈ ഏഭ്യത്തരം ചോദ്യം ചെയ്തിട്ടില്ല. ഒടുവിലായി, കേരളത്തിലെ മാവോയിസ്റ്റ് എന്‍കൗണ്ടര്‍ ഓര്‍ക്കുക. ഭരണകക്ഷിയും മുഖ്യമന്ത്രിയും ഘനസ്വരത്തിലല്ലേ ഏമാന്‍മാര്‍ക്ക് ഓശാന പാടിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതേ ഓശാനയല്ലേ ചെന്നിത്തലപ്രഭൃതികള്‍ പാടിയത്. അടിയന്തരാവസ്ഥയില്‍ കരുണാകരന്‍ പാടിയതെന്താ, വേറെ പാട്ട് വല്ലതുമാണോ? ചുരുക്കിയാല്‍, പുതുവൈപ്പ് പ്ലാന്റിനെതിരേ ശബ്ദിച്ചാല്‍ തീവ്രവാദം; നാളെ ഭീകരപ്രവര്‍ത്തനം. അത് അങ്ങനെയാണെന്ന് അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ മുദ്ര പതിച്ചുതരുന്നത് നമ്മുടെ സ്വന്തം ജനനേതാക്കള്‍. ഒരു കാര്യത്തില്‍ സുതാര്യതയുണ്ട്. വിജയന്‍ വാക്കുപാലിക്കുക തന്നെയാണ്. 'വികസന'ത്തിന് തടസ്സം നിന്നാല്‍ നേരിടും. 'അതിനല്ലേ പോലിസ്?' എന്നു ടിപ്പണി പൂരിപ്പിക്കുന്നത് വിജയന്റെ ലക്ഷണമൊത്ത ശിങ്കിടി- പാര്‍ട്ടി സെക്രട്ടറി. ബംഗാളില്‍ കുറഞ്ഞൊരു കാലം മുമ്പ് ഇതുപോലെ ഒരു മുഖ്യനും സെക്രട്ടറിയും കൂടിയാണ് വികസനവണ്ടിക്കു മുന്നില്‍ ചാടിയവരെ നേരിട്ടത്. അന്നും പറഞ്ഞിരുന്നു, മുമ്പേര്‍ വിരട്ടുകള്‍; പിന്നാലെ തീവ്രവാദിക്കച്ചേരി. അവിടെയും കാക്കിക്കാര്‍ നാട്ടുകാരുടെ നെഞ്ചത്ത് മനോരോഗത്തിന്റെ പൂത്തിരി കത്തിച്ചു; സെന്‍കുമാരന്‍മാര്‍ ഹുറേ വിളിച്ചു. സിംഗൂരൂം നന്ദിഗ്രാമുമൊക്കെ പാഠങ്ങളാണെന്ന് പിന്നെ പ്ലീനങ്ങളില്‍ പറഞ്ഞു. പാഠങ്ങള്‍ പഠിക്കാനുള്ളതല്ല, പകര്‍ത്താനുള്ളതാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.
Next Story

RELATED STORIES

Share it