kannur local

പാടിക്കുന്നിലെ നീരുറവ സംരക്ഷിക്കാന്‍ ബഹുജന കൂട്ടായ്മ

കൊളച്ചേരി: ജീവജലം സംരക്ഷിക്കാന്‍, ഒരു നാട് മുഴുവന്‍ ഒറ്റ മനസ്സോടെ ഒഴുകിയെത്തി. ആയിരത്തിലധികം പേര്‍ പങ്കെടുത്ത പാടീതീര്‍ത്ഥം സംരക്ഷണ സമിതിയുടെ ബഹുജന കൂട്ടായ്മ പാടിക്കുന്നിലെ നീരുറവ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കമായി. നാടിന് ജലസമൃദ്ധിയേകി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പാടിക്കുന്നും അവിടെ നിന്നുല്‍ഭവിക്കുന്ന നീരുറവയായ പാടിതീര്‍ത്ഥവും സംരക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്നലെ പാടിക്കുന്നില്‍ ബഹുജന കൂട്ടായ്മ നടത്തിയത്.
പാടിയില്‍ നിന്നാരംഭിച്ച്, പാടി വയലിലൂടെ പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ചെറുപ്പക്കാരുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്ത പ്രകടനം പാടിക്കുന്നില്‍ ചതുപ്പ് നിലം മണ്ണിട്ട് നികത്തിയ സ്ഥലത്ത് അവസാനിച്ചു. തുടര്‍ന്ന് നടന്ന കൂട്ടായ്മ കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു.
ഭൂവിസ്തൃതിയില്‍ വളരെ ചെറുതായ കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ കരുതലോടെ മാത്രമേ തണ്ണീര്‍ത്തടങ്ങളും നീരുറവകളും ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടും കുടിവെള്ളത്തിന് വേണ്ടി നടക്കുന്ന ജനകീയ സമരങ്ങള്‍ നിരവധിയാണ്. ഒരാള്‍ വിലകൊടുത്ത് വാങ്ങിയ സ്വകാര്യഭൂമിയാണെങ്കിലും അത് തോന്നുംപോലെ കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വി വി ശ്രീനിവാസന്‍ വിശദീകരണം നടത്തി. വി വി സുമേഷ് അധ്യക്ഷത വഹിച്ചു.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ എം പി സറീന, പഞ്ചായത്തംഗങ്ങളായ പി വി വല്‍സന്‍, കെ പ്രമീള, പി ഗൗരി, വിവിധ സംഘടന പ്രതിനിധികളായ സി സത്യന്‍, അഡ്വ. പി അജയകുമാര്‍, ടി വി വല്‍സന്‍, സി രജുകുമാര്‍, ഗിരീഷ് അത്തിലാട്ട്, ശ്രീധരന്‍ സംഘമിത്ര, അരുണ്‍ കാമ്പ്രത്ത്, ഉമേഷ് സംസാരിച്ചു. പാടിതീര്‍ത്ഥം സംരക്ഷണം സംബന്ധിച്ച് ഇന്ന് വൈകീട്ട് മൂന്നിനു കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസില്‍ സര്‍വകക്ഷി യോഗം ചേരും.
Next Story

RELATED STORIES

Share it