thrissur local

പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍

ചേര്‍പ്പ്: ഇഞ്ചമുടി പടവിലെ 250 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍. ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ പണികളാണ് നെല്‍കൃഷിയിറക്കാന്‍ തടസമായത്.
ഗെയില്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് ഉറപ്പിക്കുന്നതിനായി ഇഞ്ചമുടി പാടശേഖരത്തിലെ വെള്ളം പൂര്‍ണമായും വറ്റിക്കാനാണ് തീരുമാനം. ഗെയില്‍ കമ്പനി അധികൃതര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പാടത്തെ വെള്ളം പൂര്‍ണമായി വറ്റിച്ചാല്‍ സമീപ പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റുമെന്ന് നാട്ടുകാര്‍ പറയുന്നു.
നെല്‍കൃഷി ഇറക്കുന്നതിനായി പാടത്തെ വരമ്പുവെയ്ക്കുന്നതടക്കമുള്ള പ്രാഥമിക പണികള്‍ തുടങ്ങിയതിന് ശേഷമാണ് ഭുമി തരിശിടേണ്ടി വരുന്നത്. കൃഷിഭൂമി പാട്ടത്തിനെടുത്തവര്‍ക്കാണ് എറ്റവും അധികം നഷ്ടം വരുക. പൈപ്പുകള്‍ ഇടുന്നതിനായി പാടത്ത് ചാലുകള്‍ നിര്‍മ്മിച്ചതിനാല്‍ പടവിലെ കുറച്ചുസ്ഥലങ്ങളില്‍ മാത്രമാണ് കൃഷിയിറക്കാന്‍ തടസമായത്.
മറ്റു സ്ഥലങ്ങളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് കൃഷിപ്പണികള്‍ നടത്താന്‍ കഴിയും. നെല്‍കൃഷി നടത്താതെ കൃഷിഭൂമി തരിശിടാനുള്ള പടവ് കമ്മിറ്റിയുടെ തീരുമാനത്തിനോട് ഒരു വിഭാഗം കര്‍ഷകര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഗെയിലിന്റെ പണികള്‍ 90 ശതമാനവും കഴിഞ്ഞതിനാല്‍ ഇത്തവണ നെല്‍കൃഷി ഇറക്കുന്നതുകൊണ്ട് ഗെയിലിന്റെ പണിക്ക് തടസമുണ്ടാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
നെല്‍വിത്തും വളവും കുമ്മായവും കൃഷി വകുപ്പ് മുഖേന വാങ്ങിയതിനുശേഷവും കൃഷിയിറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകനായ മോഹന്‍ സുധിര്‍ പറയുന്നു.
Next Story

RELATED STORIES

Share it