Editorial

പാടവും ജലസ്രോതസ്സുകളും സംരക്ഷിക്കാന്‍

പാടവും ജലസ്രോതസ്സുകളും നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന നിയമഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നു. സ്വാഗതാര്‍ഹമായ നീക്കമാണിത്. തരിശിടുന്ന നെല്‍പ്പാടം ഉടമ അനുവദിച്ചില്ലെങ്കിലും ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിനും പൊതു ആവശ്യത്തിന് പാടം നികത്തുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. പൊതു ആവശ്യത്തിന് പാടം നികത്താന്‍ അനുമതി നല്‍കുന്നതിന് പ്രാദേശിക സമിതികള്‍ക്കുള്ള അധികാരം ഒഴിവാക്കുന്നതുള്‍പ്പെടെ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാനാണ് തീരുമാനം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലാണ് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നത് വ്യാപകമായത്. കേരളത്തിന്റെ കാര്‍ഷികമേഖലയ്‌ക്കൊപ്പം പാരിസ്ഥിതിക സന്തുലനവും തകര്‍ത്ത ഈ നടപടി വ്യാപകമായ കാലാവസ്ഥാ മാറ്റത്തിനും കാരണമായി. അനുമതിയില്ലാതെ പാടം നികത്തുന്നത് മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. നിലം നികത്തലിനെതിരേ പോലിസിന് തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവും.
പൊതു ആവശ്യത്തിനായി നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്താന്‍ പ്രാദേശിക സമിതികള്‍ക്കുള്ള അധികാരം ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥയാണ് കരടു ബില്ലില്‍ ഉണ്ടായിരുന്നത്. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെ ആശങ്കകള്‍ക്കു കാരണമായി. ആവശ്യാനുസാരം നെല്‍വയല്‍ നികത്താന്‍ വന്‍കിടക്കാര്‍ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ആക്ഷേപമുയര്‍ന്നു. ഇതുകൂടി പരിഗണിച്ചാണ് ബില്ലില്‍ പാടം നികത്തല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.
കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന കൃഷിയിടങ്ങള്‍ ഉടമയ്ക്കു നോട്ടീസ് നല്‍കി 15 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ പോലും ഏറ്റെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൃഷി ചെയ്യാനും വ്യവസ്ഥയുണ്ട്. തരിശായി കിടക്കുന്ന 98,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കുന്നതിന് ഇതു സഹായകമാവുമെന്നാണ് കണക്ക്. കൃഷിയിറക്കുന്നവന് ഭൂമിയുടെ ഉടമസ്ഥതയില്‍ അവകാശമുണ്ടാവില്ല, ന്യായമായ ലാഭവിഹിതം ഉടമയ്ക്കു നല്‍കും എന്നിവ ബില്ലിലെ ഏറ്റവും മികച്ച വശങ്ങളാണ്.
കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ് പകരുന്നതിന് പുതിയ നിയമം സഹായകമാവുമെന്നാണ് പ്രതീക്ഷ. നിയമത്തില്‍ വ്യവസ്ഥകള്‍ കര്‍ശനമാണ്. എന്നാല്‍, അതു മറികടക്കുന്നതിന് ശേഷിയുള്ള രാഷ്ട്രീയവും സാമ്പത്തിക സ്വാധീനവുമുള്ള ലോബികളാണ് ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്നത് എന്ന വസ്തുത മറന്നുകൂടാ.  കാര്‍ഷിക മേഖലയുടെ നിലനില്‍പ്പ് കേരളീയ സമൂഹത്തിന്റെ അടിത്തറയാണ്. അത് തകരാറിലാക്കുന്ന ഒരു നീക്കവും ഉണ്ടായിക്കൂടാ. അതിനുമപ്പുറം, കൃഷിയിടങ്ങള്‍ നികത്തിയും കുന്നും മലകളും ഇടിച്ചുനിരത്തിയും കൈവരുന്നതല്ല യഥാര്‍ഥ വികസനം എന്ന കാഴ്ചപ്പാട് സര്‍ക്കാരും സമൂഹവും ഒരുപോലെ പങ്കുവയ്‌ക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it