Articles

പാടത്ത് വിത്തിറക്കാനും നിയന്ത്രണം

ആര്‍ അജയന്‍

നമ്മുടെ നെല്‍പ്പാടങ്ങളിലും ഗോതമ്പുപാടങ്ങളിലും വിളയിക്കേണ്ടത് ഏതിനം വിത്താണെന്നു തീരുമാനമെടുക്കാന്‍ കര്‍ഷകനുള്ള അവകാശം അഥവാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. വികസിത രാജ്യങ്ങളിലെ കോര്‍പറേറ്റ് കമ്പനികളിലെ യജമാനന്‍മാര്‍ കോര്‍പറേറ്റ് മൂലധന താല്‍പര്യങ്ങള്‍ക്കു വേണ്ടി രൂപകല്‍പന ചെയ്ത ബൗദ്ധികാവകാശവും ഗാട്ട് കരാറുമെല്ലാം കര്‍ഷകന്റെ സ്വാതന്ത്ര്യത്തെയും നിലനില്‍പിനെയും അപകടപ്പെടുത്താനും അവരെ ആത്മഹത്യയിലേക്കു നയിക്കാനും തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇപ്പോള്‍ ഇതാ എരിതീയില്‍ എണ്ണയൊഴിക്കും പോലെ പുതിയ ശാസനകള്‍: കര്‍ഷകര്‍ക്ക് എന്തെങ്കിലും സബ്‌സിഡിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കണമെങ്കില്‍ തങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന വിത്തിനങ്ങള്‍ പാടത്തിറക്കിക്കൊള്ളണം. ഈ ഉപാധി അംഗീകരിച്ചില്ലെങ്കില്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്ന താങ്ങുവില, ധാന്യസംഭരണം, സബ്‌സിഡി എന്നിവയൊന്നും കൃഷിക്കാരനു ലഭിക്കില്ല. അങ്ങനെ കര്‍ഷകനെ സമ്മര്‍ദത്തിലാക്കുകയും കൃഷിക്കാരന്‍ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തിക്കൊണ്ട് കോര്‍പറേറ്റുകള്‍ നിര്‍ദേശിക്കുന്ന വിത്തിറക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. നാടന്‍ വിത്തിനങ്ങള്‍ പാടേ ഇല്ലാതാക്കപ്പെടുന്നു. ഇന്ത്യയിലും മെക്‌സിക്കോയിലും നടപ്പാക്കിയ ഹരിതവിപ്ലവത്തിന്റെ കാലത്താണ് നാടന്‍ വിത്തുകളുടെ ഉപയോഗം കുറച്ചത്. അവയ്ക്കു പകരം അത്യുല്‍പാദനശേഷിയുള്ളത് എന്നു വിശേഷിപ്പിക്കപ്പെട്ട സങ്കര വിത്തിനങ്ങള്‍ വന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ പുതിയ വിത്തിനങ്ങള്‍ക്ക് കീടനാശിനിയുടെയും രാസവളത്തിന്റെയും അവലംബം വേണ്ടിവന്നു. ഈ പുതിയ കൃഷിരീതി മണ്ണിലേക്കുള്ള രാസപദാര്‍ഥങ്ങളുടെ കുത്തൊഴുക്കിനു കാരണമായി.  ഫിലിപ്പീന്‍സിലെ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനു മുമ്പ് ലോകത്തെ ഏറ്റവും വലിയ വിത്തുശേഖരം ഉണ്ടായിരുന്നത് ഇന്ത്യയിലെ സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു. ഈ വമ്പിച്ച വിത്തുശേഖരം കൊള്ളയടിക്കുന്നതിനുള്ള നീക്കത്തെയാണ് സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവിയായിരുന്ന ഡോ. ആര്‍ എച്ച് റൈക്കാരിയ തടഞ്ഞത്. ലോകബാങ്കിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഡോ. റൈക്കാരിയയെ ഈ പദവിയില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ മാറ്റുകയുണ്ടായി. പാരമ്പര്യ ബൗദ്ധിക സ്വത്ത് നാടന്‍ കര്‍ഷകരില്‍ നിന്നു കൊള്ളയടിക്കുന്നതിനുള്ള കോര്‍പറേറ്റ് നടപടികള്‍ക്ക് ഈ നടപടി സഹായകമായി. ഇന്ന് അന്തര്‍ദേശീയ സാമ്പത്തിക വിനിമയത്തെ നിയന്ത്രിക്കുന്ന ഒരു ധനശക്തി ദ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ്. ഈ സ്ഥാപനം ഫലത്തില്‍ ഒരു നൂതന ലോകബാങ്കാണ്. കൃഷി ഗവേഷണ കണ്‍സോര്‍ഷ്യത്തിനു വന്‍തോതില്‍ ധനസഹായം ചെയ്ത് പരമ്പരാഗത കൃഷിവിജ്ഞാനത്തെയും വിത്തുശേഖരങ്ങളെയും ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ഇത് അന്തര്‍ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ലോകത്തെമ്പാടുമുള്ള വിത്തിനങ്ങളെ തന്റെ സ്ഥാപനത്തിന്റെ സ്വകാര്യ സ്വത്താക്കുക എന്നതാണ് ബില്‍ ഗേറ്റ്‌സിന്റെ ലക്ഷ്യം. 2003 മുതല്‍ നാളിതുവരെ 720 മില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സ് ഇതിനായി മുടക്കിയിട്ടുള്ളത്. ആര്‍ക്ടിക് മേഖലയിലെ സ്വാല്‍ബാര്‍ഡിലുള്ള നിലവറകളിലാണ് ഈ വിത്തിനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനം മാത്രമല്ല, ഡൈവേഴ്‌സിറ്റി സീക്ക് എന്ന സ്ഥാപനത്തിനും ധനസഹായം നല്‍കി ജനിതക മാപ്പിങിലൂടെ വിത്തിനങ്ങളുടെ പേറ്റന്റ് സ്വന്തമാക്കാനും ബില്‍ ഗേറ്റ്‌സ് ശ്രമിക്കുന്നുണ്ട്. 2015ല്‍ ആരംഭിച്ച ഡൈവേഴ്‌സിറ്റി സീക്ക് ഒരു ആഗോള പ്രൊജക്റ്റാണ്. നിലവിലുള്ള വിത്തിനങ്ങളുടെ ജനിതക മാപ്പ് തയ്യാറാക്കുകയാണ് ഈ പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. ജീനോം മാപ്പ് തയ്യാറാവുമ്പോള്‍ അതിന്റെ ബൗദ്ധിക സ്വത്തവകാശം ഡൈവേഴ്‌സിറ്റി സീക്കിന്റെ സ്വന്തമാവും. നാടന്‍ വിത്തിനങ്ങളുടെ പ്രജനനജ്ഞാനം ഇങ്ങനെ ജനിതക ഡാറ്റയിലൂടെ കൊള്ളയടിക്കപ്പെടുന്നു. ഈ പ്രജനനജ്ഞാനം യഥേഷ്ടം സെന്‍സര്‍ ചെയ്യപ്പെടാവുന്ന രീതിയില്‍ കുത്തകകളുടെ കൈപ്പിടിയിലൊതുങ്ങുന്നു. പൈതൃകമായ ഈ ജ്ഞാനം സ്വരൂപിച്ചു സൂക്ഷിച്ച കര്‍ഷകര്‍ക്ക് ഡൈവേഴ്‌സിറ്റി സീക്ക് യാതൊരു അംഗീകാരവും നല്‍കുന്നില്ല. നവകൊളോണിയലിസത്തിന്റെ ഭാഗമായി ജനിതകജ്ഞാന കോളനിവല്‍ക്കരണമാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബയോടെക്‌നോളജിയുടെ സ്വകാര്യവല്‍ക്കരണത്തിനു മുന്‍തൂക്കം നല്‍കുന്ന കോര്‍ണല്‍, അയോവ സ്‌റ്റേറ്റ് എന്നീ യൂനിവേഴ്‌സിറ്റികളെയും അന്തര്‍ദേശീയ കൃഷി ഗവേഷണ കണ്‍സോര്‍ഷ്യത്തെയും ബില്‍ ഗേറ്റ്‌സ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കോര്‍ണല്‍ അലയന്‍സ് ഫോര്‍ സയന്‍സ് എന്ന വ്യാജ ശാസ്ത്ര സംഘടനയ്ക്കും ആഫ്രിക്കന്‍ കാര്‍ഷിക സാങ്കേതിക ഫൗണ്ടേഷനും ബില്‍ ഗേറ്റ്‌സ് ഇതിനകം ധനസഹായം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് അയോവ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ബില്‍ ഗേറ്റ്‌സിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ജനിതക ഏത്തപ്പഴം ഗവേഷണം. ഈ ഇനം ഏത്തപ്പഴം മനുഷ്യര്‍ക്കു നല്‍കി ട്രയല്‍ നടത്തുന്നതിനു ശ്രമിച്ചതോടെ വിവാദമാവുകയുണ്ടായി. 'ക്രിസ്പര്‍ കാസ് 9' എന്ന ജീന്‍ എഡിറ്റിങ് ടൂളിന്റെ നിര്‍മാണത്തിലും ബില്‍ ഗേറ്റ്‌സ് മുതല്‍ മുടക്കിയിരുന്നു. എഡിത്താസ് മെഡിസിന്‍ എന്ന സംഘടനയിലൂടെയാണ് ഇതു നടപ്പാക്കിയത്. ഇവിടെ ഒരു നൈതിക പ്രശ്‌നം ഉദയം കൊള്ളുകയാണ്. വിത്തിനങ്ങള്‍ സസ്യങ്ങളുടെ ജെംപ്ലാസം (ഉല്‍പാദന കോശരസം) മാത്രമല്ല, അവ നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെ സൃഷ്ടിക്കപ്പെട്ടതുമാണ്. വിവിധ ജനതതികളുടെ സംസ്‌കാര സംയോജിത സങ്കലനങ്ങളിലൂടെയാണ് അവ ജന്‍മം കൊണ്ടത്. ചരിത്രപരമായ ഈ യാഥാര്‍ഥ്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവുമോ? അവ സ്വകാര്യ വ്യക്തിയുടെ കൈപ്പിടിയിലൊതുങ്ങുന്നതു കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവുമോ? 80കളില്‍ മോണ്‍സാന്റോ എന്ന അന്തര്‍ദേശീയ മൂലധനശക്തി ജനിതക ജ്ഞാനത്തിന്റെ പേറ്റന്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് ഈ ശ്രമം നടത്തുന്നത് ബില്‍ ഗേറ്റ്‌സാണ്. വിത്തിനങ്ങളുടെ മേലുള്ള കര്‍ഷകരുടെ അവകാശത്തെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാന്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി ലോകമെമ്പാടും ശ്രമം നടന്നുവരുകയാണ്. ഈ ശ്രമങ്ങള്‍ അന്തര്‍ദേശീയ ജൈവവൈവിധ്യ നിയമങ്ങള്‍ക്കു വഴിയൊരുക്കി. കാര്‍ട്ടജീന ബയോസേഫ്റ്റി പ്രോട്ടോകോള്‍, കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഇന്റര്‍നാഷനല്‍ ട്രീറ്റി ഓണ്‍ പഌന്റ് ജനറ്റിക് റിസോഴ്‌സ് എന്നിവയാണ് ഈ നിയമങ്ങള്‍. കര്‍ഷകരുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാതെ, വിത്ത് പൈറസിയിലൂടെ നൂറ്റാണ്ടുകളുടെ ജ്ഞാനസമ്പത്ത് കൊള്ളയടിക്കാനുള്ള കോര്‍പറേറ്റ് നീക്കത്തെ സഹായിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്യുന്നത്. ഐപിആര്‍ പോളിസി (പേറ്റന്റ് നയം)യില്‍ ചില പുതിയ അനുച്ഛേദങ്ങള്‍ ഈ ലക്ഷ്യത്തോടെ എഴുതിച്ചേര്‍ക്കുകയുണ്ടായി. അന്തര്‍ദേശീയതലത്തില്‍ നടക്കുന്ന ബൗദ്ധിക സ്വത്ത് കൊള്ളയടിക്കലിനെ പരോക്ഷമായി സഹായിക്കുന്നതിനാണ് പുതിയ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബയോഡൈവേഴ്‌സിറ്റി ആക്ടിലും ഭേദഗതി കൊണ്ടുവന്നു. ഈ നിയമ ഭേദഗതിയിലൂടെ പേറ്റന്റ് സ്വന്തമാക്കാനാണ് വിദേശ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം നാഷനല്‍ ബയോഡൈവേഴ്‌സിറ്റി അതോറിറ്റിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ബയോഡൈവേഴ്‌സിറ്റി ആക്ട് സെക്ഷന്‍ 6(1) പ്രകാരം ലോക്കല്‍ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുമായി പേറ്റന്റ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അതിനു ശ്രമിക്കുന്ന സംഘടനകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ കമ്മിറ്റിയുടെ അറിവോടെ മാത്രമേ അതോറിറ്റിക്ക് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാനാവൂ. ഈ നിബന്ധന പൈതൃക ജ്ഞാനസമ്പത്ത് സംരക്ഷിക്കാന്‍ സഹായകമായിരുന്നു. ഈ നിബന്ധന എടുത്തുകളയാന്‍ അന്തര്‍ദേശീയ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതു നടപ്പായാല്‍ പൈതൃക ജ്ഞാനത്തിന്‍മേലുള്ള ജനങ്ങളുടെ അവകാശം പൂര്‍ണമായി നഷ്ടമാവും.                         ി
Next Story

RELATED STORIES

Share it