Flash News

പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്രനടപടി പ്രതിഷേധാര്‍ഹം : സിപിഎം



തിരുവനന്തപുരം: ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ധനയ്ക്കു പുറമെയാണ് ഇപ്പോള്‍ പാചകവാതകത്തിനും അടിക്കടി വില വര്‍ധിപ്പിച്ചത്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വിലവര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെ പാചകവാതക വിലയിലുണ്ടായ വര്‍ധന സാധാരണക്കാരന്റെ ജീവിതച്ചെലവ് ഭാരിച്ചതാക്കുകയാണ്. എണ്ണക്കമ്പനികളെയും കോര്‍പറേറ്റ് സ്ഥാപനങ്ങളെയും സഹായിക്കാന്‍ പാവ പ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കത്തിനെതിരേ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു. അതേസമയം, പാചകവാതക വര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദിനേന പെട്രോള്‍ വില വര്‍ധിപ്പിച്ചു ജനങ്ങളുടെ മേല്‍ അമിതഭാരം ഏല്‍പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില വര്‍ധനയിലൂടെ സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്കും വ്യവസായികള്‍ക്കും മാത്രം ”അച്ചാദിന്‍’ സമ്മാനിച്ചുകൊണ്ടിരിക്കുന്ന മോദിസര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കു നല്‍കുന്നത് ദുരിതം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.പാചകവാതകവില കുത്തനെ ഉയര്‍ത്തിയ കേന്ദ്രനടപടിക്കെതിരേ വ്യാപകമായി പ്രതിഷേധിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ഘടകങ്ങളോടും വര്‍ഗബഹുജന സംഘടനകളോടും ആഹ്വാനം ചെയ്തു. അന്യായ നികുതികള്‍ പിന്‍വലിച്ച് ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വരം സന്നദ്ധമാവണമെന്നും കാനം ആവശ്യപ്പെട്ടു.അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്് അഡ്വ. ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു. പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ മണ്ഡലതലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്് ഹമീദ് വാണിയമ്പലം പറഞ്ഞു.
Next Story

RELATED STORIES

Share it