പാചകവാതക വില വര്‍ധിപ്പിച്ചത് ജനദ്രോഹ നടപടി: കെപിസിസി

തിരുവനന്തപുരം: സബ്‌സിഡി പരിധിക്കു പുറത്തുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റത്തെ ജനദ്രോഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
14.2 കിലോഗ്രാമുള്ള ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 49.5 രൂപയുടെയും വാണിജ്യസിലിണ്ടറുകള്‍ക്ക് 79 രൂപയുടെയും വര്‍ധനവ് വഴി ജനങ്ങളുടെമേല്‍ അധിക സാമ്പത്തിക ഭാരമടിച്ചേല്‍പിച്ചിരിക്കുകയാണ്.
പുതിയ വിലവര്‍ധനവിലൂടെ സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 684.50 രൂപയും വാണിജ്യ സിലിണ്ടറിന് 1278.50 രൂപയുമായി ഉയര്‍ന്നിരിക്കുകയാണ്. പുതുവര്‍ഷ പിറവിയില്‍ തന്നെ നടപ്പിലാക്കിയ നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടി പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
രണ്ടുമാസത്തിനിടയില്‍ രണ്ടാം തവണയാണ് പാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിക്കുന്നത്.
സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡിസംബറില്‍ 60 രൂപ വര്‍ധിച്ചിരുന്നു. വിലക്കയറ്റംകൊണ്ട് ജനം വീര്‍പ്പുമുട്ടുമ്പോള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് തുടരെത്തുടരെ വിലകള്‍ ഉയര്‍ത്തി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന നടപടികള്‍ മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
ഇന്ധനവില നിര്‍ണയാവകാശം എണ്ണക്കമ്പനികളില്‍നിന്ന് എടുത്തുമാറ്റുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം മോദി സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കാതിരിക്കുന്നത് ഇത്തരത്തില്‍ വിലവര്‍ധനയ്ക്ക് വഴിയൊരുക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഇരുട്ടടിയാണ് പുതുവര്‍ഷ ദിനത്തിലുള്ള ഗ്യാസ് സിലിണ്ടര്‍ വില വര്‍ധനയെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ സമരം ചെയ്ത ബിജെപി നേതാക്കള്‍ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം. കാളവണ്ടി സമരം ഒക്കെ നടത്തിയവരെ ഇപ്പോള്‍ കാണാനില്ല. രാജ്യത്തെ വീട്ടമ്മമാരുടെ നട്ടെല്ലൊടിക്കുന്ന ഈ തീരുമാനം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വില വര്‍ധനവിനെതിരേ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും നാളെ പ്രതിഷേധ ദിനമായി മഹിളാ കോണ്‍ഗ്രസ് ആചരിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Next Story

RELATED STORIES

Share it