Flash News

പാചകവാതക വില വര്‍ധന : ആശങ്കയോടെ കുടുംബങ്ങള്‍



കൊച്ചി: പാചക വാതക വില കുത്തനെ ഉയര്‍ത്തിയതോടെ രാജ്യത്തെ ലക്ഷക്കണക്കിനു കുടുംബങ്ങളിലെ അടുക്കളകളും പൂട്ടേണ്ടിവരുമെന്ന അവസ്ഥയില്‍. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെയാണ് ഇത്തരമൊരു തിരിച്ചടി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 94 രൂപയാണ് ഒറ്റയടിക്കു വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഒരേ രീതിയിലാണു വില വര്‍ധന; 729 രൂപ. ഇതില്‍ സബ്‌സിഡിയുള്ള സിലിണ്ടറിന് 230 രൂപ ബാങ്ക് അക്കൗണ്ടില്‍ വരുമെന്നതിനാല്‍ ഇവരെ വിലവര്‍ധന കാര്യമായി ബാധിക്കില്ലെന്നാണ് അധികൃതരുടെ അവകാശവാദം. എങ്കിലും കഴിഞ്ഞ മാസത്തേക്കാള്‍ ഇവര്‍ക്ക് 4.56 രൂപയോളം അധികമായി നല്‍കേണ്ടി വരും. സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ സിലിണ്ടര്‍ വാങ്ങുമ്പോള്‍ മുഴുവന്‍ വിലയും നല്‍കണം. സബ്‌സിഡി തുക പിന്നീട് ബാങ്ക് അക്കൗണ്ടില്‍ എത്തുകയാണു പതിവ്. എന്നാല്‍ പല ഉപഭോക്താക്കള്‍ക്കും സബ്‌സിഡി തുക കൃത്യമായി അക്കൗണ്ടില്‍ എത്താറില്ലെന്നും പരാതിയുണ്ട്. അതേസമയം സബ്‌സിഡിയില്ലാത്ത ഉപഭോക്താക്കള്‍ക്കു കനത്ത ആഘാതമാണു വിലവര്‍ധനവിലൂടെ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ ഏതാണ്ട് 90 ശതമാനം വീടുകളിലും പാചകവാതകമാണ് ഉപയോഗിക്കുന്നത്. നഗരങ്ങള്‍ കൂടാതെ ഗ്രാമപ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും പാചകവാതകത്തെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ വര്‍ധന തുച്ഛമായ വരുമാനം മാത്രമുള്ള ദരിദ്ര ജനവിഭാഗത്തിന്റെ കുടുംബ ബജറ്റിനെയാകെ തകിടംമറിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗ്രാമ പ്രദേശങ്ങളിലേതു പോലെ തന്നെ നഗര പ്രദേശങ്ങളിലെ ഇടത്തരക്കാരുടെ കുടുംബ ബജറ്റിനെയും വിലവര്‍ധന താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും വന്‍ വിലവര്‍ധനയാണ്. 19 കിലോയുടെ സിലിണ്ടറിന് 1289 രൂപയാണ് ഇന്നലെ മുതല്‍ നല്‍കേണ്ടി വരുന്നത്. കഴിഞ്ഞമാസം ഇതിന് 1142 രൂപയായിരുന്നു വില. 147 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നു കൊച്ചിയിലെ പാചകവാതക വിതരണ ഏജന്‍സി അധികൃതര്‍ തേജസിനോട് പറഞ്ഞു. പാചകവാതക വില വര്‍ധനവുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണു ഹോട്ടലുകാരും സാധാരണക്കാരുടെ ആശ്രയമായ തട്ടുകടക്കാരും. ഇവിടെയും തിരിച്ചടി നേരിടുന്നതു തൊഴിലാളികളടക്കമുള്ള നിത്യവരുമാനക്കാര്‍ക്കായിരിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും ജിഎസ്ടിയും നിമിത്തം നിലവില്‍ ഹോട്ടല്‍ വ്യവസായം നടത്തിക്കൊണ്ടു പോവാന്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നാണു ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. കടുത്ത പ്രതിസന്ധിയാണു ഹോട്ടല്‍ വ്യവസായ മേഖല നേരിടുന്നതെന്നും പലരും മേഖല ഉപേക്ഷിച്ചു പോവുകയാണെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it