പാചകവാതക വിലവര്‍ധന: സാധാരണക്കാരന്റെ നെഞ്ചിലേക്ക് അയച്ച മിസൈലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ തന്നെ ഗാര്‍ഹിക-വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ നെഞ്ചിലേക്ക് അയച്ച കേന്ദ്രസര്‍ക്കാരിന്റെ മിസൈല്‍ ആണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
പത്തുലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കിയതിനു പിന്നാലെയാണ് ഈ വിലകൂട്ടല്‍. സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ പാചകവാതകത്തിന്റെ സബ്‌സിഡി ലഭിക്കുകയില്ല. താമസിയാതെ വാര്‍ഷിക വരുമാനം പത്തുലക്ഷം എന്നുള്ളത് അഞ്ചുലക്ഷമാക്കി ചുരുക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും.
ഘട്ടംഘട്ടമായി സബ്‌സിഡി ഒഴിവാക്കുക എന്ന നിയോലിബറല്‍ പോളിസിയുടെ ഭാഗമാണിത്. രാജ്യാന്തര വിപണിയില്‍ വിലയിടിഞ്ഞതിനാല്‍ നടപ്പുവര്‍ഷം സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് വന്‍തോതില്‍ ചെലവു കുറഞ്ഞു. അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 32.90 ഡോളറായി ഇടിഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മെയ് മാസത്തില്‍ വീപ്പയ്ക്ക് 110 ഡോളര്‍ ആയിരുന്നു വില. കേരള സര്‍ക്കാരാവട്ടെ കൂട്ടിയ വിലയ്ക്ക് അധികനികുതി ഈടാക്കി 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്നതുപോലെ പ്രവര്‍ത്തിക്കുകയാണെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it