പാചകവാതകവിലയിലെ പ്രതിമാസ വര്‍ധന പിന്‍വലിച്ചു

ന്യൂഡല്‍ഹി: പാചകവാതകവില പ്രതിമാസം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പാചകവാതകവില പ്രതിമാസം നാലു രൂപ വീതം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. 2016 ജൂണ്‍ മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ നിരക്ക് പ്രതിമാസം വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവ് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് ഈ വര്‍ഷം ഒക്ടോബറില്‍ പിന്‍വലിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ എണ്ണക്കമ്പനികള്‍ ഒക്ടോബര്‍ മുതല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ പാചകവാതകം വിതരണം ചെയ്യുന്നതിനായി പ്രഖ്യാപിച്ച ഉജ്ജ്വല്‍ പദ്ധതിക്കു കടകവിരുദ്ധമാണ് പ്രതിമാസ വിലവര്‍ധനയെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ മാത്രമാണ് ഒക്ടോബര്‍ മുതല്‍ പാചകവാതകവിലയെ ബാധിച്ചതെന്നും അവര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ സബ്‌സിഡി നിക്ഷേപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നേരത്തേ സബ്‌സിഡി നിരക്കിന്‍മേലായിരുന്നു മൂല്യവര്‍ധിത നികുതി (വാറ്റ്) ഈടാക്കിയിരുന്നത്. എന്നാല്‍, പുതിയ പദ്ധതി പ്രകാരം കമ്പോളനിരക്കിന്‍മേല്‍ ചരക്കുസേവന നികുതി ഈടാക്കുമ്പോള്‍ കമ്പോളവിലയിലെ മാറ്റങ്ങള്‍ നികുതി കണക്കാക്കുന്നതിനെ ബാധിക്കുകയാണെന്നും അവര്‍ പറയുന്നു. നേരത്തേ വില ഉയര്‍ത്തുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ ഭാഗമായാണ് പ്രതിമാസ വിലവര്‍ധനയ്ക്കുള്ള തീരുമാനം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it