പാചകവാതകം, പെട്രോള്‍, ഡീസല്‍ വില വര്‍ധന; പ്രളയക്കെടുതിയില്‍ നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടി

കൊച്ചി: പ്രളയക്കെടുതിയില്‍ കിടപ്പാടം പോലൂം നഷ്ടപ്പെട്ട് പകച്ചുനില്‍ക്കുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്കു കൂടുതല്‍ പ്രഹരം നല്‍കിക്കൊണ്ട് പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോയുടെ പാചകവാതക സിലണ്ടറിന് 812.50 രൂപയായിട്ടാണു വര്‍ധിച്ചിരിക്കുന്നത്. 782 രൂപയായിരുന്നു കഴിഞ്ഞമാസം ഉണ്ടായിരുന്ന വില. 30.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സബ്‌സിഡിയുള്ളവര്‍ക്ക് 308 രൂപ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നാണു പറയുന്നത്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ സിലണ്ടറിന്റെ വിലയും വര്‍ധിച്ചു. 1410.50 രൂപയായിട്ടാണു വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് 1363 രൂപയായിരുന്നു. 47.50 രൂപയുടെ വര്‍ധനവാണ് ഈ വിഭാഗത്തിലുള്ള സിലണ്ടറിനു വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 90 ശതമാനത്തിലധികം കുടുംബങ്ങളിലും പാചക വാതകത്തെ ആശ്രയിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പുണ്ടായ പ്രളയത്തില്‍ കേരളം ആകെ തകര്‍ന്ന അവസ്ഥയിലാണ്. ഇതില്‍ നിന്നു കരകയറാനുള്ള തീവ്രശ്രമം നടക്കുന്നതിനിടയിലാണ് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്.തുച്ഛവരുമാനക്കാരായ സാധാരണക്കാരെയാണ് വിലവര്‍ധന ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നത്. സബ്‌സിഡി സിലിണ്ടറുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡിത്തുക എത്തുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പലര്‍ക്കും ഇതു കൃത്യമായി കിട്ടാറില്ലെന്നു നേരത്തെ മുതല്‍ പരാതിയുണ്ട്. സബ്‌സിഡിയുള്ള ഉപഭോക്താക്കളേക്കാള്‍ കൂടുതല്‍ സബ്‌സിഡിയില്ലാത്തവരാണ് അധികമുള്ളത്. ഇവരെയാണ് വില വര്‍ധന ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. പാചക വാതകത്തിന്റെ വിലവര്‍ധന കൂടാതെ പെട്രോളിന്റെയും ഡീസലിന്റെയും വിലയും അനുദിനം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഡീസല്‍ വില റെക്കോഡിലെത്തിയിരിക്കുകയാണ്. 74.19 രൂപയാണു കൊച്ചിയില്‍ ഇന്നലത്തെ ഡീസല്‍ വില. മറ്റു ജില്ലകളിലും സമാനമായ വിലയാണുള്ളത്. കടത്തുകൂലിയുടെ അടിസ്ഥാനത്തില്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. പെട്രോള്‍ വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 80.62 രൂപയാണു കൊച്ചിയിലെ പെട്രോളിന്റെ ഇന്നലത്തെ വില.
Next Story

RELATED STORIES

Share it