Flash News

പാങ്ങപ്പാറ അപകടം ; നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ



തിരുവനന്തപുരം: നാലുപേരുടെ മരണത്തിനിടയാക്കിയ പാങ്ങപ്പാറയിലെ അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെ ഫഌറ്റ് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. പുതിയ അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കാതെ നിര്‍മാണം അനുവദിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്തി. അപകടം നടന്ന സ്ഥലത്തെ ഫഌറ്റ് നിര്‍മാണത്തിന് ടൗണ്‍പ്ലാനിങ് വിഭാഗത്തിന്റെ അനുമതിയില്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. കെട്ടിടനിര്‍മാണത്തിന് നഗരസഭയില്‍ നിന്ന് അനുമതി നേടിയ ശേഷം പ്ലാനില്‍ മാറ്റംവരുത്തി. എന്നാല്‍, വിസ്തൃതി കൂട്ടി രണ്ടാമത് സമര്‍പ്പിച്ച പ്ലാന്‍ നഗരസഭ അംഗീകരിക്കും മുമ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഭേദഗതികള്‍ വരുത്തി അനുമതി നല്‍കാമെന്ന് അറിയിപ്പുനല്‍കിയെങ്കിലും അതിനിടയിലാണ് നിര്‍മാണം ആരംഭിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ലാന്‍ഡ് റിഫോംസ് ആന്റ് ഡെവലപ്‌മെന്റ് കോ ഒാപറേറ്റീവ് സൊസൈറ്റി (ലാഡര്‍)യുടെ നേതൃത്വത്തിലായിരുന്നു ഇവിടെ നിര്‍മാണം നടന്നുവന്നിരുന്നത്. റോഡ് നിരപ്പില്‍നിന്ന് ഉയരത്തില്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് മണ്ണിടിച്ചാണ് റോഡ് നിരപ്പിന് സമാനമാക്കുന്നതിനുള്ള നിര്‍മാണങ്ങള്‍ നടത്തിയത്. അപകടകരമാംവിധം നിര്‍മാണങ്ങള്‍ നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, ആദ്യം ലഭിച്ച പെര്‍മിറ്റ് കാട്ടി ഫഌറ്റ് അധികൃതര്‍ ഉദ്യോഗസ്ഥരെ മടക്കിയയച്ചു. അതേസമയം, അനുമതിയില്ലാതെ നിര്‍മാണം നടത്തുന്ന വിവരം നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം അറിയാതിരുന്നതും കടുത്ത വീഴ്ചയാണ്. മേയറുടെ നിര്‍ദേശാനുസരണം നഗരസഭ എന്‍ജിനീയറിങ് വിഭാഗവും പോലിസ് അഭ്യര്‍ഥനപ്രകാരം പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ചയാണ് പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തിന് എതിര്‍വശത്ത് കെട്ടിടനിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്കു വീണത്. 19 നിലകളിലായി 223 അപാര്‍ട്ട്—മെന്റുകളുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. പില്ലറുകള്‍ക്കായി മണ്ണുനീക്കി കുഴിയെടുത്ത ഭാഗത്ത് സംരക്ഷണഭിത്തിയുടെ നിര്‍മാണം നടക്കുന്നതിനിടെയായിരുന്നു ദുരന്തം.
Next Story

RELATED STORIES

Share it