പാക് സര്‍ക്കാരിനു മേല്‍ സൈന്യം നിയന്ത്രണം ശക്തമാക്കുന്നു

ന്യൂയോര്‍ക്ക്: നവാസ് ശരീഫ് സര്‍ക്കാരിനു മേല്‍ പാക് സൈന്യം നിയന്ത്രണം ശക്തമാക്കുന്നു. വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ നസീര്‍ഖാന്‍ ജന്‍ജുവയെ പുതിയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാനുള്ള പാക് നീക്കം ഭരണകൂടത്തിനു മേലുള്ള സൈനിക നിയന്ത്രണം ശക്തമാക്കുന്നതിനുള്ള തെളിവാണെന്നാണു വിലയിരുത്തല്‍. നവാസ് ശരീഫിന്റെ യുഎസ് പര്യടനത്തില്‍ നസീര്‍ഖാന്‍ ജന്‍ജുവയും ഒപ്പമുണ്ടാവുമെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ടൈം മാഗസിന്‍ റിപോര്‍ട്ട് ചെയ്യുന്നു. പാക് കരസേനാ മേധാവിയായ റഹീല്‍ ശരീഫ് മാസങ്ങള്‍ക്കു മുമ്പ് മുതല്‍ തന്നെ ജന്‍ജുവയെ പുതിയ സുരക്ഷാ ഉപദേഷ്ടാവായി നിയോഗിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ശരീഫ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം ആരോപിച്ചിരുന്നു. നിലവിലെ സുരക്ഷാ ഉപദേഷ്ടാവായ സര്‍താജ് അസീസ് തന്നെ സ്ഥാനത്തു തുടരണമെന്നാണു ശരീഫിന്റെ താല്‍പര്യം. വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിക്കുന്ന സര്‍താജ് അസീസിനു ജോലിഭാരം കൂടുതലുണ്ടെന്നാണ് കരസേനാമേധാവിയുടെ വാദം.ജന്‍ജുവ അധികാരത്തിലേറിയാല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകളുള്‍പ്പെടെയുള്ള സുരക്ഷാകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുമെന്നാണു കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it