പാക് ഷെല്ലാക്രമണത്തില്‍ അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും അഞ്ചു നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ജമ്മു, കത്‌വ, സാംബ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. തുടര്‍ച്ചയായി ഒമ്പതാം ദിവസമാണ് അതിര്‍ത്തിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണവും വെടിവയ്പും നടക്കുന്നത്.
ഇന്നലെ രാവിലെ 9 മണിയോടെ സാംബ ജില്ലയില്‍ ആരംഭിച്ച ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ആറ് ഗ്രാമീണര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.  കത്‌വാ ജില്ലയില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ ചികില്‍സയിലാണ്.  ആര്‍എസ് പുരയിലും അര്‍നിയ മേഖലയിലും ഓരോ ആളുകള്‍ വീതവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നായി 100ഓളം പേരെ ഒഴിപ്പിച്ചു.  പ്രദേശത്തെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അര്‍നിയ മേഖലയിലാണ് ആക്രമണം ഏറ്റവും ബാധിച്ചിട്ടുള്ളത്.
അതേസമയം, ജമ്മുകശ്മീരില്‍ സായുധര്‍ നടത്തിയ ഗ്രനേഡ് സ്‌ഫോടനത്തില്‍ 12 വയസ്സുള്ള കുട്ടിയടക്കം 10 നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഗോരിവാന്‍ ചൗക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സൈനികര്‍ക്കു നേരെയാണ് സായുധര്‍ ബോംബാക്രമണം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, കഴിഞ്ഞദിവസം പാക് സേനയുടെ വെടിവയ്പില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചതില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഹൈദര്‍ഷായെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.സൈന്യത്തിന്റെ നിഷ്ഠുര കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it