Flash News

പാക് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുവെന്ന കേസ് : 15 പേര്‍ക്ക് ജാമ്യം



കന്ദ്‌വ: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ വിജയിച്ചതില്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ 15 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ബുര്‍ഹാന്‍പൂര്‍ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍ ഗുപ്തയാണ് ജാമ്യം അനുവദിച്ചത്. 13 പേര്‍ക്ക് 50,000 രൂപയുടെ വ്യക്തിഗത ജാമ്യമാണ് കോടതി അനുവദിച്ചത്. ഇവര്‍ എല്ലാ ഞായറാഴ്ചയും പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെ കോടതി ഉപാധികളില്ലാതെ വിട്ടയച്ചു. സംഭവം നടന്നുവെന്നു പറയുന്ന സമയത്ത് സ്ഥലത്തില്ലാത്ത പരാതിക്കാരന്റെ പേരിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ ദൃക്‌സാക്ഷികള്‍ പിന്നീട് കൂറുമാറുകയും ചെയ്തു. തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ തെറ്റു ചെയ്തിട്ടില്ലെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും പ്രതികളുടെ ബന്ധുക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു. പാകിസ്താന്റെ വിജയത്തെ തുടര്‍ന്ന് വിജയാഹ്ലാദ പ്രകടനം നടത്തിയെന്നും പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമായിരുന്നു കേസ്. അതേസമയം, സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയില്‍ നിന്നു നീക്കം ചെയ്തതായും മന്ദുസൂര്‍ ജില്ലയിലേക്ക് സ്ഥലം മാറ്റിയതായും  മധ്യപ്രദേശ് പോലിസ് എസ്പി പരിഹാര്‍ അറിയിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതിനാണ് നടപടിയെന്നും പരിഹാര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി ശരിയല്ലെന്നും പരിഹാര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it