പാക് ബാലനെ നാട്ടിലേക്കയക്കാന്‍ സാധ്യത തെളിയുന്നു

ഭോപാല്‍: രണ്ടു വര്‍ഷത്തിലധികമായി ഭോപാലില്‍ കഴിയുന്ന പാകിസ്താന്‍ സ്വദേശിയായ 15കാരന്‍ മുഹമ്മദ് റംസാനെ നാട്ടിലെത്തിക്കുന്നതിനുള്ള വഴി തെളിയുന്നു. സമാനമായ രീതിയില്‍ പാകിസ്താനിലെ കറാച്ചിയില്‍ കഴിഞ്ഞിരുന്ന 24കാരി ഗീത നാട്ടില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്നാണ് റംസാന്റെ കാര്യം ശ്രദ്ധിക്കപ്പെട്ടത്.വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ സുഗന്ധ് രാജാറാമുമായി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടതായി റംസാന്റെ സംരക്ഷണച്ചുമതല വഹിക്കുന്ന അര്‍ച്ചന സഹായ് പറഞ്ഞു.കറാച്ചി സ്വദേശിയായ റംസാന്‍ അഞ്ചു വര്‍ഷം മുമ്പ് മാതാവിന്റെ അടുത്തുനിന്ന് പിരിയുകയായിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയ കുട്ടിയുടെ ചുമതല സന്നദ്ധ സംഘടനയായ ആരംഭ് ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ അഭയ കേന്ദ്രമായ ഉമീദിലാണ് റംസാനെ പാര്‍പ്പിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ അനുകൂലമായി പ്രതികരിച്ചതായി അര്‍ച്ചന സഹായ് പറഞ്ഞു.
Next Story

RELATED STORIES

Share it