പാക് ജയിലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ എത്തും

വഡോദര: പാകിസ്താന്‍ ജയിലില്‍ മരിച്ച ഗുജറാത്തുകാരായ രണ്ടു മല്‍സ്യ—ത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാളെ ഇന്ത്യയിലെത്തും. ഗുജറാത്ത് ഫിഷറീസ് കമ്മീഷണര്‍ മുഹമ്മദ് എ നര്‍മവാലയാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് ഗിര്‍ സോമനാഥ് ജില്ലയിലെ നാനാവാഡ ഗ്രാമത്തിലെ രത്‌നാദാസ് മക്‌വാന, ദണ്ഡിഗ്രാമത്തിലെ വാഗബിജാല്‍ ചൗഹാന്‍ എന്നീ മല്‍സ്യത്തൊഴിലാളികളാണ് പാക് ജയിലില്‍ മരിച്ചത്.
ചൗഹാന്‍ 2015 ഡിസംബര്‍ 22നും മക്‌വാത ഈ വര്‍ഷം ഫെബ്രുവരി എട്ടിനുമാണു മരിച്ചത്. അറബിക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടയില്‍ പാക്ക് സമുദ്രാതിര്‍ത്തി കടന്നതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഇരുവരും പാകിസ്താന്റെ പിടിയിലായത്. ഇവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുവേണ്ടി കുടുംബാംഗങ്ങളും എംപിമാരും സന്നദ്ധസംഘടനകളും വളരെക്കാലമായി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.
ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ മൃതദേഹങ്ങള്‍ കറാച്ചിയില്‍ നിന്ന് മുംബൈയില്‍ എത്തിക്കും. അവിടെനിന്ന് ഫിഷറീസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആംബുലന്‍സില്‍ സ്വദേശത്തേക്കെത്തിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it