Articles

പാക് ചാരവൃത്തിയുടെ പിന്നാമ്പുറം

നാട്ടുകാര്യം - കുന്നത്തൂര്‍ രാധാകൃഷ്ണന്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും അതിന്റെ ആരവം അടങ്ങുന്നില്ല. പാര്‍ലമെന്റിലെ ഗ്വാഗ്വാവിളികള്‍ അതിന്റെ ഉദാഹരണമാണെന്നാണ് തലസ്ഥാന നഗരിയിലെ പരുന്തുകളുടെ പ്രമാണിയായ കോരന്‍ പറയുന്നത്. പശു, സോറി ഗോമാതാവ് ചത്തിട്ടും, സോറി ദിവംഗതയായിട്ടും മോരിലെ പുളി മാറുന്നില്ല എന്ന അവസ്ഥ ആര്‍ഷഭാരത പാരമ്പര്യത്തിനു ചേര്‍ന്നതാണോ? ഗുജറാത്ത് നിയമസഭാ പ്രചാരണത്തിനിടെ മോദിജി മുന്‍ പ്രധാനമന്ത്രി മന്‍മോഹനെ അപമാനിച്ചെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. മോദി അതു നിഷേധിക്കാനൊന്നും പോയിട്ടില്ല. അതിനുണ്ടോ അദ്ദേഹത്തിനു സമയം?  മന്‍മോഹന്‍സിങും വേറെ ചില കോണ്‍ഗ്രസ് താപ്പാനകളും പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്നാണ് മോദി പറഞ്ഞത്. ഗുജറാത്തില്‍ ആര്യബ്രാഹ്മണകക്ഷിയെ പരാജയപ്പെടുത്താനാണ് അവന്മാര്‍ പാകിസ്താനുമായി ഗൂഢാലോചന നടത്തിയത്. പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ പ്രധാന അധികാരിയായതിനാല്‍ അതു തുറന്നുപറഞ്ഞു. അങ്ങനെ പറഞ്ഞില്ലെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. പാക് ചാരന്മാര്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കലക്കിക്കളയുമായിരുന്നു. പ്രധാനമന്ത്രി സത്യം തുറന്നുപറഞ്ഞതിന് പാര്‍ലമെന്റില്‍ മാപ്പുപറയണമെന്നാണ് കോണ്‍ഗ്രസ്സിന്റെ കട്ടായം. ഇതെവിടത്തെ ന്യായമാണ്? സത്യം പറഞ്ഞതിന് ആരെങ്കിലും മാപ്പുപറഞ്ഞ ചരിത്രമുണ്ടോ?  പിന്നെ പാര്‍ലമെന്റ് സ്തംഭനത്തിന്റെ കാര്യം. സ്തംഭിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് എന്ന പദത്തിന് എന്തര്‍ഥമാണ് ബലാലേ! മോദിജി മാപ്പുപറയില്ലെന്ന് പെരിയസഭയില്‍ തെലുങ്കന്‍ വെങ്കയ്യനും കീഴ്‌സഭയില്‍ സുമിത്രാമ്മച്ചിയും തൊള്ളതൊറന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ്സിന് മനസ്സിലാവുന്നില്ല. അരീം തിന്ന് ആശാരിച്ചിനീം കടിച്ച് പിന്നേം നായ മുന്നോട്ട് എന്ന മട്ടിലാണ് ഗുലാംനബിയും കൂട്ടുകാരും സഭയില്‍ അഴിഞ്ഞാടുന്നത്. മോദിജിയും ആര്യബ്രാഹ്മണകക്ഷിയും ഇത് അധികകാലം സഹിക്കാന്‍പോവുന്നില്ല. മോദിജി മാപ്പുപറയണമെന്ന് ഗുലാംനബി തിരുവടികള്‍ക്കു നിര്‍ബന്ധമില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പാകിസ്താന്‍ കോണ്‍ഗ്രസ് മൂര്‍ദാബാദ് എന്ന് താനങ്ങനെ ആവേശത്തിനു പറഞ്ഞുപോയതാണെന്ന് മോദി സമ്മതിച്ചാലും മതി. ഇതില്‍ ഒളിഞ്ഞിരിക്കുന്ന ആപത്ത് മോദിജി മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ കോണ്‍ഗ്രസ്സിന്റെ വേല കുട്ട്യേട്ടന്റെ പീടികയില്‍ മതി. ഗീത ഉരുക്കഴിക്കുന്ന ആര്യബ്രാഹ്മണകക്ഷിയും അഹിംസാവാദികളായ കീറിയ ഖദര്‍ ധരിച്ച കോണ്‍ഗ്രസ്സും തങ്ങളുടെ പൂച്ചയ്ക്ക് നാലുകൊമ്പ് എന്ന തത്ത്വവുമായി നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ കോരനെപ്പോലുള്ളവര്‍ വസ്തുതാന്വേഷണ റിപോര്‍ട്ട് തയ്യാറാക്കേണ്ടിവരുമല്ലോ! മന്‍മോഹനും മണിമണിയായി കോണ്‍ഗ്രസ്സിന് പാരവയ്ക്കുന്ന മണിശങ്കരയ്യരും മറ്റുചില ആശാന്മാരും പാകിസ്താനിലെ ചാരതാപ്പാനകളുമായി നടത്തിയ കൂടിക്കാഴ്ചയുടെ നേര്‍ചിത്രം കോരന്‍ സമ്പാദിച്ചിട്ടുണ്ട്. റിമോട്ട്കണ്‍ട്രോള്‍ ഒളികാമറ വഴി ചാരരംഗങ്ങള്‍ പകര്‍ത്തിയ ഒരുത്തനെ അസാരം യുഎസ് ഡോളര്‍ നല്‍കി കോരന്‍ വിലയ്ക്കുവാങ്ങി എന്നു പറഞ്ഞാല്‍ മാധ്യമസദാചാരം തകരുമോ ആവോ? വിവാദവും അപവാദവുമായ ചാരസംസര്‍ഗ യോഗത്തിന്റെ തല്‍സമയ സംപ്രേഷണത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധക്ഷണിക്കുന്നു.മന്‍മോഹന്‍: പാക് ചാരന്‍മാരെ, സോറി പാക് ഉന്നതാധികൃതരെ കണ്ടതില്‍ സന്തോഷം. എന്താ അങ്ങനെയല്ലേ! പാക് ഉന്നതന്‍: അതേ, അതിര്‍ത്തിയില്‍ നല്ല മഞ്ഞുവീഴ്ചയുണ്ട്. എത്ര പട്ടാളക്കാരാണ് മഞ്ഞുവീഴ്ചയില്‍ മരിക്കുന്നത്. ആ മഞ്ഞ് നമുക്കൊത്തൊരുമിച്ച് ഉരുക്കാം. മന്‍മോഹന്‍: മണി എന്തുപറയുന്നു? വല്ല എതിര്‍പ്പുമുണ്ടെങ്കില്‍ ഇപ്പോള്‍ തുറന്നുപറയണം. മണി: ഞാനെന്തു പറയാന്‍. ഇരുരാജ്യങ്ങളും ആഘോഷങ്ങള്‍ക്കിടെ പരസ്പരം മധുരം കൈമാറുന്നതു നിര്‍ത്തരുത് എന്നു മാത്രമാണ് എനിക്കു പറയാനുള്ളത്. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ അതിര്‍ത്തിയില്‍ മധുരവിതരണം വര്‍ധിപ്പിക്കും. പാര്‍ട്ടി പ്രകടനപത്രികയില്‍ അത് ഉള്‍പ്പെടുത്താന്‍ ഞാന്‍ രാഹുലനില്‍ സമ്മര്‍ദം ചെലുത്തും. ഞാന്‍ പറഞ്ഞാല്‍ ആശാന്‍ കേള്‍ക്കും. മന്‍മോഹന്‍: ഇയ്യ് ആളൊരു നല്ല ബലാല് തന്നെ. കുശാഗ്രബുദ്ധി മണി എന്നായിരിക്കും ഇയ്യ് ഇനി അറിയപ്പെടുക. മറ്റുള്ളവര്‍ കോറസില്‍: ആമേന്‍. കോടതിയിലെ ആമീന്‍. ഇത്രയുമാണ് കൂടിക്കാഴ്ചയിലുണ്ടായത്. ഈ ഭയങ്കരമായ ചാരവൃത്തി പുറത്തുകൊണ്ടുവന്നതിനാണ് കോണ്‍ഗ്രസ് പുകിലുണ്ടാക്കുന്നത്. മോദി മാപ്പുപറയും. ഒലക്ക. സഭാസ്തംഭനം, ഒണക്കപ്പുല്ല്.      ി
Next Story

RELATED STORIES

Share it