പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യ പൗരത്വം നല്‍കിയേക്കും

ന്യൂഡല്‍ഹി: പാകിസ്താന്‍ ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യ പൗരത്വം നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്. 2001 മുതല്‍ ഇന്ത്യയില്‍ താമസിച്ചുവരുന്ന സമിക്ക് 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ സെക്ഷന്‍ ആറു പ്രകാരം പൗരത്വം നല്‍കുമെന്നാണു സൂചന.
ശാസ്ത്രം, തത്വശാസ്ത്രം, കല, സാഹിത്യം, ലോകസമാധാനം, മനുഷ്യ പുരോഗതി തുടങ്ങിയ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ സമഗ്രസംഭാവന നല്‍കിയിട്ടുള്ള വ്യക്തികള്‍ പൗരത്വത്തിന് അപേക്ഷിച്ചാല്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് നാച്വറലൈസേഷനിലൂടെ പൗരത്വം നല്‍കാനുള്ള വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നു. കലയില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സമിക്ക് ഇന്ത്യ പൗരത്വം നല്‍കാനൊരുങ്ങുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് ഇദ്ദേഹം പൗരത്വത്തിനായി ആദ്യം അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതു തള്ളിപ്പോയിരുന്നു. ഇതിനുശേഷം നിരവധി തവണ അപേക്ഷ നല്‍കി. കഴിഞ്ഞ ആഗസ്ത് മുതല്‍ പാക് പാസ്‌പോര്‍ട്ട് പുതുക്കാതെ തന്നെ സമിക്ക് മാനുഷിക പരിഗണന വച്ച് അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി.
സമിയുടെ രണ്ടാം ഭാര്യയും യുഎഇ സ്വദേശിയുമായ സബാഹ് ഗലദാരിയുമായുള്ള വൈവാഹിക തര്‍ക്കവും അതുസംബന്ധിച്ച് പാകിസ്താനിലുള്ള കേസും മൂലമാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പാക് അധികൃതര്‍ പുതുക്കിനല്‍കാതിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം ആഭ്യന്തര മന്ത്രാലയത്തോട് സഹായം തേടിയത്. സബാഹ് ഗലദാരിയെ 2012ല്‍ വിവാഹമോചനം നടത്തിയ സമി മൂന്നാം ഭാര്യയായ റോയ ഫര്യാഭിയോടൊത്താണ് ഇന്ത്യയില്‍ ജീവിക്കുന്നത്.
ഇന്ത്യന്‍ ഫോറിനേഴ്‌സ് ആക്ട് സെക്ഷന്‍ 3 പ്രകാരം രാജ്യത്തു നിന്ന് കയറ്റി അയക്കരുതെന്ന് ആവശ്യപ്പെട്ട് സമി ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങിനെ സമീപിക്കുകയായിരുന്നു. സമിക്ക് പൗരത്വം നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇന്ത്യന്‍ പൗരത്വ നിയമമനുസരിച്ച് ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം നല്‍കേണ്ടത്. ലാഹോറില്‍ ജനിച്ച സമി 2001 മാര്‍ച്ച് 13ന് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച സന്ദര്‍ശക വിസയിലാണ് ഇന്ത്യയിലെത്തിയത്.
Next Story

RELATED STORIES

Share it