Flash News

പാക്പൗരന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്‌തെന്ന് ഇന്ത്യന്‍ യുവതി



ഇസ്‌ലാമാബാദ്: തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കല്യാണം കഴിക്കുകയായിരുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട്് 20കാരിയായ ഉസ്മ എന്ന ഇന്ത്യന്‍ യുവതി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടി. ഇതേടെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ  ഇന്ത്യക്കാരിയായ തന്റെ ഭാര്യയെ കാണാനില്ലെന്ന പാക് യുവാവിന്റെ പരാതിയില്‍ പുതിയ വഴിത്തിരിവായി. താഹിര്‍ അലി  എന്ന പാക് യുവാവ് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് ഉസ്മ ഇസ്‌ലാമാബാദിലെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.   യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കുകയും ചെയ്തു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് താഹിര്‍ അലി എന്നെ വിവാഹം ചെയ്തതെന്നും എന്റെ എമിഗ്രേഷന്‍ രേഖകളെല്ലാം അയാള്‍ തട്ടിയെടുത്തതായും യുവതി ആരോപിച്ചതായി പാക് ടിവിജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ താഹിര്‍ അലി അവിടെ വച്ച് ഭാര്യയെ കണ്ടെന്നും എന്നാല്‍, പിന്നീട് കോടതിയില്‍ ഉസ്മ എത്തിയപ്പോള്‍ ഇയാളെ കണ്ടില്ലെന്നും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഉസ്മ എന്ന യുവതി നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതായി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ അറിയിച്ചു. അലിയെ താന്‍ വിവാഹം ചെയ്‌തെന്നും എന്നാല്‍, അയാള്‍ വേറെ വിവാഹം  കഴിച്ചയാളെണെന്നും നാല് മക്കളുടെ അച്ഛനാണെന്നും പിന്നീടാണ് അറിഞ്ഞതെന്നുമാണ് ഉസ്മ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതായും റിപോര്‍ട്ടുണ്ട്. മലേസ്യയില്‍ വച്ച് പ്രണയത്തിലായ ഉസ്മയും താഹിര്‍ അലിയും മെയ് ഒന്നിന്  പാകിസ്താനിലെത്തുകയും തുടര്‍ന്ന് മെയ് മൂന്നിന് ഇരുവരും പാകിസ്താനില്‍ വച്ച് വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച്  ഇരുവരും ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയതോടെയാണ്  സ്ഥിതി മാറിയതെന്നും കമ്മീഷന്‍ ഓഫിസിലെത്തിയ യുവതി തിരിച്ചു പോവാന്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് താഹിര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും  പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  യുവതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി പെണ്‍കുട്ടിയുടെ കുടുംബവുമായും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it