kozhikode local

പാക്കോയി റോഡില്‍ യാത്രാ ദുരിതം; എസ്ഡിപിഐ സമരത്തിലേക്ക്‌

വാണിമേല്‍: ഫണ്ട് അനുവദിച്ചിട്ടും പണി നടത്തുന്നതിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിവാതുക്കല്‍ പാക്കോയി റോഡില്‍ ബൈക്ക് കുഴിയില്‍ വീണ് ഒരാള്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പീറ്റോള്ളതില്‍ മൊയതുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയടച്ച് വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു.
യാത്രാദുരിതം അനുഭവിക്കുന്ന പാക്കോയി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ 20 ലക്ഷം രൂപ ഈറോഡിനായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പണമനുവദിച്ച് ഒരു വര്‍ഷമായിട്ടും പണി നടത്താന്‍ പ്രാദേശിക രാഷ്ട്രീയത്തിലെ തര്‍ക്കം മൂലം സാധിച്ചിട്ടില്ല.
എവിടെ നിന്ന് പണി തുടങ്ങുമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. നാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആറംഗ സമിതിയെ ചുമതല ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സമിതി യോഗം ചേര്‍ന്ന് ഭൂമി വാതുക്കല്‍ നിന്നും പണി ആരംഭിക്കണമെന്ന് ഭൂരിപക്ഷത്തോടെ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും പണി ആരംഭിച്ചില്ല .തുടര്‍ന്ന് വാണിമല്‍ നരിപ്പറ്റ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ സംയുക്തമായി യോഗം ചേര്‍ന്ന് പ്രശനത്തിന് പരിഹാരം കാണണമെന്ന് സ്ഥലം എംഎല്‍എ നിര്‍ദേശിച്ചെങ്കിലും ഇതുവരെയോഗം വിളിച്ചു ചേര്‍ക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രദേശവാസികളുടെ പ്രയാസം പരിഹരിക്കേണ്ട വാര്‍ഡ് മെമ്പറെക്കൊണ്ട് പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയം കളിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടയപ്പെടുന്നതിനാല്‍ ജനപക്ഷത്ത് നിന്ന് ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it