kozhikode local

പാക്കോയി കുടിവെള്ള പദ്ധതി: പൈപ്പ് മാറ്റല്‍ തിങ്കളാഴ്ച ആരംഭിക്കും

വാണിമേല്‍: പഞ്ചായത്തിലെ പ്രധാന ശുദ്ധജല പദ്ധതിയായ പാക്കോയി പ്രൊജക്ടിന്റെ പൈപ്പു മാറ്റിയിടല്‍ തിങ്കളാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരനും  ഇന്നലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. 35 വര്‍ഷം പഴക്കമുള്ള മണ്‍ പൈപ്പുകള്‍ നീക്കം ചെയ്ത് പുതിയ പിവിസി പൈപ്പ് സ്ഥാപിക്കാന്‍ രണ്ട് വര്‍ഷം മുമ്പാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനായി ടെണ്ടര്‍ നല്‍കുകയും ആവശ്യമായ പൈപ്പുകള്‍ സൈറ്റില്‍ എത്തിക്കുകയും ചെയ്തിട്ട് മാസങ്ങളായി.
എന്നാല്‍ പണി നടക്കാത്തതിനെ തുടര്‍ന്ന് ഈ മാസം ആദ്യം നാദാപുരം എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഉടന്‍ പണി നടത്താന്‍ തീരുമാനമായത്. വിഷു കഴിഞ്ഞ ഉടനെ പണി തുടങ്ങുമെന്ന് അന്ന് പ്രഖാപിച്ചിരുന്നെങ്കിലും പണി തുടങ്ങാത്തത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വാണിമേല്‍ ചേലമുക്ക് മുതല്‍ കന്നുകുളം  വരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് മാറ്റിയിടുന്നത്.
കല്ലാച്ചി- വിലങ്ങാട് റോഡിലെ പ്രധാന പൈപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ മാറ്റി സ്ഥാപിക്കുന്നത്. നാല് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പാണ്  സ്ഥാപിക്കുന്നത്.  ഒരു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. പഴകി ദ്രവിച്ച മണ്‍ പൈപ്പിലൂടെ  വരുന്ന വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ മുന്നറിയിപ്പ്‌നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it