പാക്കേജ് ഉത്തരവ് നടപ്പായില്ല അധ്യാപകര്‍ സമരത്തിലേക്ക്

കൊച്ചി: ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരുന്ന അധ്യാപക പാക്കേജ് ഉത്തരവ് പുറത്തിറങ്ങിയിട്ടും അതു നടപ്പാക്കുന്നതില്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി എറണാകുളം പിഒസിയില്‍ ചേര്‍ന്ന കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരേ ഡിപിഐ ഓഫിസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്കു നീങ്ങാന്‍ യോഗം തീരുമാനിച്ചു. നിരവധി വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അധ്യാപക പാക്കേജ്, സര്‍ക്കാരിന്റെ അവസാന മണിക്കൂറുകളിലും പരിഹാരമാവാതെ നീളുകയാണെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, പ്രസിഡന്റ്  ജോഷി വടക്കന്‍, സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍ പറഞ്ഞു.
2011 ഒക്ടോബര്‍ ഒന്നുമുതല്‍ നിരവധി ഉത്തരവുകളും കോടതി ഇടപെടലുകളും ഏറെ അധ്യാപക പ്രക്ഷോഭങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം ജനുവരി 13നു മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ പങ്കെടുത്ത മന്ത്രിതല സംഘവും ബസേലിയോസ് മാര്‍ ക്ലീമിസ് മെത്രാപോലീത്തയുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ്-അധ്യാപക പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണു പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. തുടര്‍ന്ന് 2016 ജനുവരി 29ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉത്തരവിലെ നിര്‍ദേശങ്ങള്‍ ഫെബ്രുവരി 15ാം തിയ്യതിക്കകം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിപിഐ സര്‍ക്കുലറയച്ചു.
ഡിപിഐ നിര്‍ദേശങ്ങളെ ബഹുഭൂരിപക്ഷം വിദ്യാഭ്യാസ ഓഫിസര്‍മാരും അവഗണിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 25 ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും അടിയന്തരയോഗം ഡിപിഐ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുകയും ഈ യോഗത്തില്‍ ഫെബ്രുവരി 26ന് വീണ്ടും ഉത്തരവ് പുറത്തിറക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവും ഇതുവരെ പുറത്തിറങ്ങിയില്ലെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. പുനര്‍വിന്യസിക്കപ്പെടാത്ത സംരക്ഷിത അധ്യാപകര്‍ക്ക് മാര്‍ച്ച് 15 മുതല്‍ ശമ്പളമില്ല, 2011 മുതലുള്ള അധികതസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍ പുനപ്പരിശോധിക്കണം,  മാനേജ്‌മെന്റുകളുടെ നിയമനാധികാരം പരിമിതപ്പെടുത്തണം തുടങ്ങിയ പുതിയ നിര്‍ദേശങ്ങള്‍ പാക്കേജ് ഉത്തരവ് നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പുതിയ തസ്തിക നിര്‍ണയം മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളുമായി വീണ്ടും രംഗത്തിറങ്ങാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാവുന്നതെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it