പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍: ഗുണമേന്‍മ ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
സമീപനാളുകളിലായി തേയില, വെളിച്ചെണ്ണ, കാപ്പിപ്പൊടി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ത്തു വില്‍പന നടത്തുന്നതായും ഇതു ജനങ്ങളുടെ ആരോഗ്യത്തിനു വളരെ ഹാനികരമാണെന്നും കര്‍ശന നടപടികള്‍ക്കു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യം നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജെ ബി കോശി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഭക്ഷ്യസുരക്ഷാ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു നോട്ടിസ് അയക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടത്തിയ സിറ്റിങില്‍ 45 കേസുകള്‍ പരിഗണിച്ചു. 21 കേസുകള്‍ തീര്‍പ്പാക്കി. പുതുതായി 14 കേസുകള്‍ പരിഗണിച്ചു. ഉദയംപേരൂരില്‍ ഐഒസി പ്ലാന്റില്‍ നടക്കുന്ന സമരത്തെത്തുടര്‍ന്നുണ്ടാകുന്ന പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജിലാ കലക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
പാചകവാതക വിതരണ രംഗത്ത് തുടരെയുണ്ടാകുന്ന സമരങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നത് ജനങ്ങളാണ്. ഇക്കാര്യത്തില്‍ കലക്ടര്‍ കൂടാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍, ലേബര്‍ ഓഫിസര്‍ എന്നിവര്‍ക്കും നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാനത്ത് മരുന്നുകള്‍ക്ക് അന്യായമായി വില ഈടാക്കുകയാണെന്നും ഇതു പാവപ്പെട്ടവരെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കാട്ടി ലഭിച്ച പരാതിയില്‍ സംസ്ഥാന ഡ്രഗ്‌സ് കംട്രോളര്‍ക്കു നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
നാലുരൂപ വില ഉണ്ടായിരുന്ന മരുന്നിന് 42 രൂപ ഈടാക്കുന്ന സ്ഥിതിയാണുള്ളതെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തില്‍ കൃത്യമായ സമയപ്പട്ടിക പാലിക്കാത്ത ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന് മോട്ടോര്‍വാഹന വകുപ്പിനോടു കമ്മീഷന്‍ നിര്‍ദേശിച്ചു. സമയം തെറ്റിച്ച് ഓടുന്ന ബസ്സുകള്‍ ജനങ്ങള്‍ക്കു വളരെയധികം ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it