പാകൂര്‍ എസ്പിക്കെതിരായ പോപുലര്‍ ഫ്രണ്ടിന്റെ പരാതി; കേസില്‍ ജില്ലാ ജഡ്ജി മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവ്‌

റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ പോലിസ് സൂപ്രണ്ടിനെതിരേ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉബൈദുര്‍ റഹ്മാന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി ഇടപെടല്‍. കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) സ്വീകരിക്കുന്ന നടപടികള്‍ക്ക് ജില്ലാ ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പാകൂര്‍ എസ്പി ശൈലേന്ദ്ര പര്‍ശദ് വര്‍നാവലിനും മറ്റു രണ്ടു പോലിസുകാര്‍ക്കുമെതിരേ നല്‍കിയ ഹരജി പരിഗണിക്കുന്നത് മറ്റേതെങ്കിലും ജില്ലയിലേക്കു മാറ്റണമെന്നായിരുന്നു ഉബൈദുര്‍റഹ്മാന്റെ ആവശ്യം. കേസില്‍ പാകൂര്‍ സിജെഎം പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഈ പരാതി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കഴിഞ്ഞ വര്‍ഷം ആദ്യം പ്രാദേശിക ബിജെപി നേതാവിന്റെ പ്രകോപനപരമായ വാട്‌സ്ആപ്പ് പോസ്റ്റിനെതിരേ പോലിസില്‍ പരാതി നല്‍കിയതാണ് കേസിന്റെ തുടക്കം. പരാതി അന്വേഷിച്ച പോലിസ് ബിജെപി നേതാവിന് ക്ലീന്‍ ചിറ്റ് നല്‍കി. തുടര്‍ന്ന് വിഷയത്തില്‍ നീതിപൂര്‍വകമായ അന്വേഷണം തേടി പാകൂര്‍ എസ്പിക്കു നിവേദനം നല്‍കി.എന്നാല്‍ പ്രതിഷേധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കുകയാണ് പാകൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ പോലിസ് ചെയ്തത്. ഇതിനെതിരേയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയത്. എന്നാല്‍, സിജെഎം ഇക്കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.ഇതേത്തുടര്‍ന്ന്, എസ്പി ശൈലേന്ദ്ര വര്‍നാവല്‍ പോപുലര്‍ ഫ്രണ്ടിനെതിരേ പല പ്രതികാരനടപടികളും സ്വീകരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. എന്നാല്‍, ആറു മാസത്തിനു ശേഷം ഹൈക്കോടതി നിരോധനം റദ്ദാക്കി.പാകൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തങ്ങളുടെ മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്നു പോപുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകയും അന്വേഷണത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നതായി സംഘടന ആരോപിച്ചു. അഡ്വ. കൃപശങ്കര്‍ നന്ദയാണ് ഹരജിക്കാരനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. നിരോധനം പിന്‍വലിക്കപ്പെട്ട ശേഷം സംസ്ഥാനത്ത് സംഘടന നടത്തുന്ന നിയമപോരാട്ടത്തിന്റെ മറ്റൊരു വിജയമാണ് ഹൈക്കോടതി ഇടപെടലെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it