Flash News

പാകിസ്താന്‍ മുടക്കിയ സ്‌കൂള്‍ കലോല്‍സവങ്ങള്‍

പാകിസ്താന്‍ മുടക്കിയ സ്‌കൂള്‍ കലോല്‍സവങ്ങള്‍
X
ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

തൃശൂര്‍: ഏതു സാഹചര്യത്തിലും കലോല്‍സവങ്ങള്‍ മുടങ്ങാതെ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് ജാഗ്രതപാലിക്കാറുണ്ട്. എന്നാല്‍, യുദ്ധം കലോല്‍സവം മുടക്കിയ ചരിത്രമുണ്ട്. നാലുതവണയാണ് യുദ്ധം മൂലം സംസ്ഥാന കലോല്‍സവം മുടങ്ങിയത്. 1966, 67, 72, 73 വര്‍ഷങ്ങളില്‍. പാകിസ്താനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണു കാരണം. യുദ്ധത്തിനു മുമ്പ് കലോല്‍സവത്തെ ബാധിച്ചത് നാടാകെ പടര്‍ന്നുപിടിച്ച വസൂരിരോഗമാണ്. 1958ല്‍ മൂന്നാം കലോല്‍സവം മലബാറില്‍ നടത്താനായിരുന്നു തീരുമാനം. പാലക്കാടിന് നറുക്കുവീണു. ആയിടയ്ക്കാണ് പാലക്കാട് നഗരത്തിലാകെ വസൂരി പടര്‍ന്നുപിടിച്ചത്. അവസാനം മേള ചിറ്റൂരിലേക്കു മാറ്റി. അക്കാലത്ത് കലോല്‍സവത്തിന് ഇന്നത്തേതുപോലെ ജനപങ്കാളിത്തമൊന്നും ഇല്ലായിരുന്നു. 1959ല്‍ കോഴിക്കോട് വച്ചു നടന്ന നാലാം കലോല്‍സവം മുതലാണ് വന്‍ ജനപങ്കാളിത്തമുണ്ടായത്. 1962 മുതലാണ് കലോല്‍സവത്തിന് പരിഷ്‌കാരങ്ങള്‍ വന്നത്.



മൂന്നു ദിവസവും വിഭവസമൃദ്ധമായ സദ്യ നല്‍കിയിരുന്നു. ചങ്ങനാശ്ശേരി പെരുന്ന എന്‍എസ്എസ് കോളജ് ഓഡിറ്റോറിയത്തിലാണ് ആറാം കലോല്‍സവം അരങ്ങേറിയത്. കലോല്‍സവങ്ങള്‍ക്ക് പ്രത്യേകം സ്‌റ്റേജോ പന്തലോ ഇല്ലായിരുന്നു. എട്ടാമത് കലോല്‍സവം മുതലാണ് പ്രത്യേക സ്‌റ്റേജും പന്തലും ഒരുക്കിയത്. പിന്നെപിന്നെ കലോല്‍സവങ്ങള്‍ക്ക് ലക്ഷങ്ങളുടെ പന്തലായി. ഓരോ വര്‍ഷവും പന്തല്‍നിര്‍മാണത്തില്‍ പുതുമകള്‍ കൊണ്ടുവരുകയും ചെയ്തു. അക്കാലത്ത് പല മല്‍സരങ്ങളും മോശം നിലവാരത്തിലായിരുന്നു. ഷൊര്‍ണൂരില്‍ ഒമ്പതാമത് കലോല്‍സവം നടക്കുന്ന സമയം. ഓട്ടന്‍തുള്ളലാണ് വേദിയില്‍. ഒട്ടും നിലവാരമില്ലാത്ത മല്‍സരം കണ്ട് സഹികെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിശ്വംഭരന്‍ സ്‌റ്റേജില്‍ കയറിച്ചെന്ന് മല്‍സരം നിര്‍ത്താന്‍ ആജ്ഞാപിച്ചത്രേ. ഇന്നത്തേതുപോലെ അക്കാലത്ത് കലോല്‍സവം രക്ഷിതാക്കളുടെ മല്‍സരവേദിയായിരുന്നില്ല. മികച്ച പരിശീലനവും ഉണ്ടായിരുന്നില്ല. അക്കാലങ്ങളിലൊക്കെ അധ്യാപകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് കലോല്‍സവങ്ങള്‍ക്ക് എത്തിയിരുന്നത്. 1968ല്‍ തൃശൂരില്‍ നടന്ന 10ാമത് കലോല്‍സവത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ് കോയ ഉദ്ഘാടകനായി എത്തി. സമാപന ദിവസം മുഖ്യമന്ത്രി ഇഎംഎസും സമ്മാനദാനത്തിനു വന്നു. അതൊരു പുതിയ മാതൃകയ്ക്ക് തുടക്കം കുറിച്ചു. പിന്നെ എല്ലാ മേളകളിലും മന്ത്രിമാരും മുഖ്യമന്ത്രിയും എത്താന്‍ തുടങ്ങി. ഇതോടെ മേളയ്ക്ക് മാധ്യമശ്രദ്ധയും ജനപങ്കാളിത്തവും വര്‍ധിച്ചു.
Next Story

RELATED STORIES

Share it