പാകിസ്താന്‍ ബോട്ട് പരാമര്‍ശം; തീരസേന ഡിഐജിയെ പുറത്താക്കി

ന്യൂഡല്‍ഹി: തീരസേന ഡിഐജി ബി കെ ലൊഷാലിയെ തല്‍സ്ഥാനത്തു നിന്നു നീക്കി. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നിന്നുള്ള ബോട്ട് ഗുജറാത്ത് സമുദ്രാതിര്‍ത്തിയില്‍വച്ച് പൊട്ടിത്തെറിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായി ലൊഷാലി പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ലൊഷാലിയെ പുറത്താക്കിയത്.
2014 ഡിസംബര്‍ 31ന് സ്‌ഫോടകവസ്തുക്കളുമായെത്തിയ പാകിസ്താനില്‍ നിന്നുള്ള മല്‍സ്യബന്ധന ബോട്ട് തീരസേന പിടികൂടുന്നതിനു മുമ്പായി പൊട്ടിത്തെറിച്ച് മുങ്ങിപ്പോവുകയാണെന്നായിരുന്നു കേന്ദ്രത്തിന്റെ ഔദ്യോഗിക വിശദീകരണം. ബോട്ടിന് തീവ്രവാദബന്ധം ഉണ്ടെന്നു സംശയിക്കത്തക്ക സാഹചര്യത്തെളിവുകള്‍ ഉള്ളതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അന്നു വ്യക്തമാക്കിയിരുന്നു. ബോട്ടില്‍ കള്ളക്കടത്തുകാര്‍ ആണെന്ന പ്രാഥമിക നിഗമനം തള്ളിയായിരുന്നു തീവ്രവാദ ബന്ധമുള്ളതായി പരീക്കര്‍ അഭിപ്രായപ്പെട്ടത്. തീരസേന പിടികൂടുമെന്നായപ്പോള്‍ ബോട്ടിലുള്ളവര്‍ അതു നശിപ്പിച്ച് ആത്മഹത്യ ചെയ്തതാണെന്നും പാകിസ്താന്‍ നാവിക ഉദ്യോഗസ്ഥരുമായി ബോട്ടിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്നും പരീക്കര്‍ പറഞ്ഞിരുന്നു.
എന്നാല്‍, ബോട്ട് തകര്‍ക്കാ ന്‍ താന്‍ ഉത്തരവിട്ടിരുന്നതായി ഈ വര്‍ഷം ഫെബ്രുവരി 15ന് ലൊഷാലി വെളിപ്പെടുത്തിയിരുന്നു. ബോട്ട് അതിനകത്തുള്ളവര്‍ തന്നെ തകര്‍ത്തതാണെന്ന കേന്ദ്രത്തിന്റെ വാദത്തിന് എതിരായിരുന്നു ലൊഷാലിയുടെ വെളിപ്പെടുത്തല്‍. കേന്ദ്രത്തിനും തീരസേനയ്ക്കും വലിയ രീതിയിലുള്ള അപമാനമായിട്ടാണ് ലൊഷാലിയുടെ അന്നത്തെ വെളിപ്പെടുത്തല്‍ വിലയിരുത്തപ്പെട്ടത്. ഗാന്ധിനഗറിലായിരുന്ന താ ന്‍ ബോട്ട് തകര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ലൊഷാലി അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് സേനയുടെ വടക്കുപടിഞ്ഞാറന്‍ സംഘത്തിന്റെ മേധാവിസ്ഥാനത്തു നിന്ന് ലൊഷാലിയെ നീക്കിയിരുന്നു.
Next Story

RELATED STORIES

Share it