പാകിസ്താന്‍ പോളിയോ കേന്ദ്രത്തിനു പുറത്ത്  സ്‌ഫോടനം; 15 മരണം

ഇസ്‌ലാമാബാദ്: തെക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 15 മരണം. 20ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഇന്നലെ രാവിലെയാണ് സ്‌ഫോടനം. സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടിയെത്തിയ അക്രമി സുരക്ഷാസൈനികര്‍ക്കിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു കരുതുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്വറ്റ ഉള്‍പ്പെടുന്ന ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ നടന്നുവരുന്ന പോളിയോ പ്രചരണത്തിന്റെ അവസാന ദിനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഒരാള്‍ വഴിപോക്കനുമായിരുന്നുവെന്നു സ്ഥിരീകരിച്ചതായി ക്വറ്റ ഡെപ്യൂട്ടി കമ്മീഷണര്‍ ദാവൂദ് ഖില്‍ജി പറഞ്ഞു. പാകിസ്താനില്‍ പോളിയോ ജീവനക്കാര്‍ നിരവധി തവണ സായുധസംഘങ്ങളുടെ ലക്ഷ്യമായിട്ടുണ്ട്.
പാകിസ്താനി കുരുന്നുകളെ വന്ധീകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് പോളിയോ വാക്‌സിനെന്നാണ് സായുധസംഘങ്ങള്‍ ആരോപിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് പോളിയോ രോഗം അവശേഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. വാക്‌സിനേഷന്‍ നല്‍കുന്ന കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിനിക്കില്‍ റിപോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സ്‌ഫോടനം.
ആക്രമ പശ്ചാത്തലത്തില്‍ മേഖലയിലെ പോളിയോ വാക്‌സിന്‍ വിതരണം നിര്‍ത്തിവയ്ക്കില്ലെന്നു ഖില്‍ജി വ്യക്തമാക്കി.
Next Story

RELATED STORIES

Share it