പാകിസ്താന്‍ പരാമര്‍ശം: മോദി മാപ്പു പറയണം

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാകിസ്താന്‍ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശത്തില്‍ മോദി സഭയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ നോട്ടീസിന്‍മേല്‍ ചര്‍ച്ചയ്ക്കുള്ള അനുമതി രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു നിഷേധിച്ചു. ഇതോടെ കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭയുടെ ശീതകാല സമ്മേളനത്തിന്റെ ഒന്നാംദിവസം തന്നെ ബഹളം മൂലം പിരിഞ്ഞു. ആരോപണങ്ങള്‍ പ്രധാനമന്ത്രി സഭയിലെത്തി തെളിവുകള്‍ നിരത്തി വിശദീകരിക്കാന്‍ തയ്യാറാവണമെന്നും തെറ്റായ പരാമര്‍ശങ്ങള്‍ക്കു മോദി മാപ്പു പറയണമെന്നും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സഭയ്ക്ക് അകത്തും പുറത്തും ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി, മുന്‍ ഉപരാഷ്ട്രപതി, മുന്‍ സൈനിക മേധാവി എന്നിവരെ ബന്ധപ്പെടുത്തി തെറ്റായ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടു  മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍, പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കളാണ് മാപ്പുപറയേണ്ടതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പ്രതികരിച്ചു.ഈയിടെ നിര്യാതരായ അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സഭ ഇന്നലെ ആരംഭിച്ചത്. ശേഷം പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ സഭയ്ക്കു പരിചയപ്പെടുത്തി. തുടര്‍ന്ന് അധ്യക്ഷന്‍ എം വെങ്കയ്യനായിഡു ശരത് യാദവിന്റെയും അലി അന്‍വര്‍ അന്‍സാരിയുടെയും അംഗത്വം റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കു ശ്രമിച്ചു. എന്നാല്‍, വിഷയം ചര്‍ച്ചയ്‌ക്കെടുക്കാനാവില്ലെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷനിരയില്‍ നിന്നു സമാജ്‌വാദി, സിപിഎം അംഗങ്ങള്‍ എഴുന്നേറ്റു പ്രതിഷേധിച്ചു.ചോദ്യോത്തരവേളയ്ക്കായി സഭ രണ്ടാമതു ചേര്‍ന്നപ്പോഴാണ് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് മോദിയുടെ പാകിസ്താന്‍ വിഷയം ഉന്നയിച്ചത്. ഗുരുതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് വ്യക്തമാക്കി. എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ചോദ്യോത്തര വേളയ്ക്കായി സഹകരിക്കണമെന്നും ഉപാധ്യക്ഷന്‍ പറഞ്ഞു. ഇതില്‍ തൃപ്തരാവാതിരുന്ന പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളം രൂക്ഷമായതോടെ സഭ 2.30 വരെ പിരിഞ്ഞു. ഉച്ചയ്ക്കുശേഷം സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷ ബഹളം തുടര്‍ന്നു. സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാനുള്ള സമയമാണെന്നും ചര്‍ച്ച അനുവദിക്കില്ലെന്നും ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ വ്യക്തമാക്കി. ഇതോടെ മുദ്രാവാക്യം മുഴക്കി  നടുത്തളത്തില്‍ പ്രതിപക്ഷം നിലയുറപ്പിച്ചതോടെ സഭ മൂന്നു മണി വരെ പിരിഞ്ഞു. വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിനെ തുടര്‍ന്ന് ഇന്നലത്തേക്കു പിരിയുകയായിരുന്നു.ശൂന്യവേള ആരംഭിച്ചപ്പോള്‍ ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് എഐഎഡിഎംകെ അംഗങ്ങള്‍ തുടക്കമിട്ടു. ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് നവനീത കൃഷ്ണന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായി. ആദ്യദിവസം തന്നെ ഇത്തരം പ്രതിഷേധം നടത്തുന്നത് ശരിയല്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. മരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്‌സഭ രാവിലെ തന്നെ പിരിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it