World

പാകിസ്താന്‍: ജനം നാളെ പോളിങ് ബൂത്തിലേക്ക്

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പാര്‍ലമെന്റ് പ്രവിശ്യാ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും. റാലികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) എന്നീ മുന്നു പാര്‍ട്ടികള്‍ തമ്മിലാണു പ്രധാന മല്‍സരം.
പാകിസ്താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശാക്തിക ബലാബലത്തില്‍ മാറ്റംവരുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സോഷ്യലിസ്റ്റ് ലിബറല്‍ ആശയങ്ങളെ പിന്തുടരുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാരമ്പര്യവാദികളായ പാകിസ്താന്‍ മുസ്‌ലിം ലീഗുമായിരുന്നു ആറു പതിറ്റാണ്ടോളമായി പാകിസ്താനിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിച്ചത്. എന്നാല്‍ ഇത്തവണ ഇറാന്‍ ഖാന്റെ പിടിഐ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ ശക്തമായ ത്രികോണ മല്‍സരത്തിനാണു സാധ്യത.
ദേശീയ അസംബ്ലിയിലേക്കും നാല് പ്രവിശ്യാ ഭരണ സമിതികളിലേക്കുമുള്ള 849 സീറ്റുകളിലേക്ക് 11,855 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. 342 അംഗ ദേശീയ അസംബ്ലിയിലേക്ക് 272 അംഗങ്ങളെയാണു വോട്ടര്‍മാര്‍ നേരിട്ട് തിരഞ്ഞെടുക്കുന്നത്. ശേഷിക്കുന്ന 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 സീറ്റുകള്‍ മത ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു.
അതിനിടെ പാക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന  സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രചാരണം ജനക്കൂട്ടം തടസ്സപ്പെടുത്തുന്നതായും റിപോര്‍ട്ടുണ്ട്്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജിബ്രാന്‍ നാസിറിനെതിരേയാണ് ആക്രമണങ്ങള്‍ അറങ്ങേറുന്നത്. ഒരു പൊതു പരിപാടിക്കിടെ സദസ്സില്‍ നിന്നു ജിബ്രാനോട്  മതം ഏതാണെന്നു വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു നിരസിച്ചു. തുടര്‍ന്നാണ് ജിബ്രാന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ആക്രമണം തുടങ്ങിയത്.  ഒരാഴ്ചയ്ക്കിടെ കറാച്ചിയില്‍ ജിബ്രാന്റെ മൂന്നു പ്രചാരണങ്ങള്‍ ഒരു വിഭാഗം തടസ്സപ്പെടുത്തിയതായാണു റിപോര്‍ട്ട്. ഇതിനെ മനുഷ്യാവകാശ സംഘടനകള്‍ അപലിച്ചു.
Next Story

RELATED STORIES

Share it