Cricket

പാകിസ്താനെ തുരത്തി ഇന്ത്യ ഫൈനലില്‍

പാകിസ്താനെ തുരത്തി ഇന്ത്യ ഫൈനലില്‍
X

ക്വാലാലംപൂര്‍: പാകിസ്താന്റെ കളിമികവിനെ ഇന്ത്യയുടെ പെണ്‍പുലികള്‍ അനായാസം മറികടനപ്പോള്‍ ഏഷ്യാകപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത്. സെമിയില്‍ ചിരവൈരികളായ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ പെണ്‍കരുത്ത് ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 72 എന്ന ചെറിയ സ്‌കോറിലേക്ക് എറിഞ്ഞിട്ട ഇന്ത്യ 16.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് നേടി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്മൃതി മന്ദാന (38), ഹര്‍മന്‍ പ്രീത് കൗര്‍ (34*) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യയെ അനായാസമായി വിജയത്തിലേക്കെത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റന്‍ ബിസ്മാഹ് മറൂഫിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരങ്ങള്‍ പുറത്തെടുത്തത്. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍ ആധിപത്യം പുലര്‍ത്തിയതോടെ പാകിസ്താന്റെ ബാറ്റിങ് നിര റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. മധ്യനിര താരം സന മിറാണ് (20*) പാക് നിരയിലെ ടോപ് സ്‌കോറര്‍. ഓപണര് നാഹിദ് ഖാനും (18) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മറ്റാര്‍ക്കും പാക് നിരയില്‍ രണ്ടക്കം കാണാനായില്ല.
ഇന്ത്യക്കുവേണ്ടി ഏകതാ ബിഷിത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിഖ പാണ്ഡെ, പൂനം യാദവ്, അനുജ പാട്ടില്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ മിതാലി രാജിനെ (0) നഷ്ടമായെങ്കിലും മന്ദാനയുടെയും കൗറിന്റെയും പ്രകടനം ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. പാകിസ്താന് വേണ്ടി അനം അമിന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
Next Story

RELATED STORIES

Share it