World

പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ പെടുത്തി

പാരീസ്: സായുധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്)ന്റെ പാരീസില്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി.
അഫ്ഗാനിസ്താനിലെ സായുധ സംഘങ്ങള്‍ക്ക് സാഹായം നല്‍കുന്നു, ഇന്ത്യയില്‍ നടക്കുന്ന സായുധ ആക്രമണങ്ങള്‍ക്കു പിന്തുണ നല്‍കുന്നു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് യുഎസ് പാകിസ്താനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയത്. ഒന്നിനെതിരെ 36 വോട്ടുകള്‍ക്കാണ് പാകിസ്താനെ പട്ടികയില്‍ പെടുത്താനുള്ള തീരുമാനം പാസായത്. തുര്‍ക്കി മാത്രമാണ് പാകിസ്താന് അനുകൂലമായി വോട്ട് ചെയ്ത്്.
ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് തങ്ങള്‍ക്ക് മുന്നുമാസം കൂടി സാവകാശം ലഭിച്ചതായി ചൊവ്വാഴ്ച പാക് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു.  പാരിസില്‍ നടന്ന ഉച്ചകോടിയുടെ ആദ്യദിനങ്ങളില്‍ ചൈന, തുര്‍ക്കി, ജിസിസി രാജ്യങ്ങള്‍ എന്നിവ യുഎസ് നീക്കത്തിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ചൈനയും ജിസിസി രാജ്യങ്ങളും എതിര്‍പ്പ് പിന്‍വലിക്കുകയായിരുന്നു.
അതിനിടെ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ടെറര്‍ ഫിനാന്‍സിങ് വാച്ച് ലിസ്റ്റില്‍ പാകിസ്താനെ ഉള്‍പ്പെടുത്താന്‍ യുഎസ് നീക്കം തുടങ്ങി. ഗ്രേ ലിസ്റ്റില്‍ പാകിസ്താന്‍ ഉള്‍പ്പെട്ടതോടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പാകിസ്താനില്‍ പ്രവര്‍ത്തിക്കാനും നിക്ഷേപങ്ങള്‍ നടത്താനും  നിയന്ത്രണങ്ങളോ വിലക്കുകളോ ഉണ്ടാവും.
Next Story

RELATED STORIES

Share it